ന്യൂഡല്‍ഹി: പതിനാറ്-പതിനെട്ട് വയസ്സിനിടയില്‍ പ്രായമുള്ളവര്‍ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ലാതാക്കണമെന്ന പൊതുതാല്പര്യ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം തേടി. പതിനെട്ട് വയസ്സില്‍ താഴെ പ്രായമുള്ളവര്‍ ഉഭയകക്ഷി സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും പീഡനക്കുറ്റം ചുമത്തിയാണ് നിലവില്‍ കേസെടുക്കുന്നത്. ഇത് ഒഴിവാക്കണമെന്നാണ് ഹര്‍ജി.
ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഢ്, ജസ്റ്റീസുമാരായ ജെ.ബി.പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, നിയമ മന്ത്രാലയം, വനിതാ കമ്മീഷന് ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് അയച്ചത്.
അഭിഭാഷകനായ ഹര്‍ഷ് വിഭോര്‍ സിംഗാള്‍ ആണ് ഹര്‍ജി നല്‍കിയത്. പതിനാറിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ളവര്‍ സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നത് ഭരണഘടനാപരമായി സാധൂകരിക്കാന്‍ സാധിക്കാത്തതാണെന്ന് ഹര്ജിക്കാരന് കോടതിയില്‍ ചൂണ്ടിക്കാട്ടി.
ഈ പ്രായത്തിലുള്ളവര്‍ക്ക് മാനസികവും ശാരീരികവും സാമൂഹികവുമായി കാര്യങ്ങള്‍ മനസ്സിലാക്കാനും ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് സ്വതന്ത്രമായി തീരുമാനം എടുക്കാനും സാധിക്കും. സ്വാതന്ത്ര്യത്തോടെ സ്വമേധയാ തീരുമാനം എടുക്കുന്നതിന് കൗമാരക്കാരെ ഭരണകൂടങ്ങള്‍ അനുവദിക്കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെടുന്നു.