കൊല്ലം: തട്ടിക്കൊണ്ടുപോയ സംഘത്തില്‍ രണ്ട് സ്ത്രീകളുണ്ടെന്ന് പെണ്‍കുട്ടിയുടെ മൊഴി. സ്ത്രീകളുടെയും പുരുഷന്റെയും രേഖാചിത്രങ്ങളും പൊലീസ് പുറത്തുവിട്ടു. തട്ടിക്കൊണ്ടു പോയ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരുടെ മുഖം ഓര്‍മ്മയില്ലെന്ന് കുട്ടി പറഞ്ഞു. കൊല്ലം വിക്ടോറിയ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത കുട്ടിയെ പൊലീസ് സുരക്ഷയില്‍ വീട്ടിലെത്തിച്ചു.
തട്ടിക്കൊണ്ടുപോയ ആറു വയസുകാരിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഒക്കത്തിരുത്തിയാണ് സ്ത്രീ ഓട്ടോയില്‍നിന്ന് കുട്ടിയെ മൈതാനത്ത് എത്തിച്ചത്. ആശ്രാമം മൈതാനത്ത് എത്തിച്ചത് ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.14 നാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി.
തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഓരോ പ്രദേശത്തും സിസിടിവി കാമറകള്‍ പരിശോധിച്ചും ദൃക്സാക്ഷി മൊഴികള്‍ കേന്ദ്രീകരിച്ചുമാണ് അന്വേഷണം. ഇതിനു പുറമേ ഫോണ്‍കോള്‍ പരിശോധന, വാഹന പരിശോധന എന്നിവയും നടക്കുന്നുണ്ട്.
സംശയമുള്ളവരെ നിരീക്ഷിച്ചും സമാന കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ചും അന്വേഷണം പുരോഗമിക്കുന്നു. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട നൂറിലധികം പേരുടെ ചിത്രങ്ങള്‍ പൊലീസ് ശേഖരിച്ചു. ഇവ ആശ്രാമം മൈതാനത്ത് ആദ്യമായി കുട്ടിയെ കണ്ട എസ്എന്‍ കോളജ് വിദ്യാര്‍ത്ഥിനികളെ കാണിച്ചു. സ്ത്രീകളുടെ ചിത്രം ഇവര്‍ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. എന്നാല്‍ പ്രതികളെ കണ്ടെത്തുന്നതില്‍ ഇതുവരെ കാര്യമായ പുരോഗതിയില്ല.