അഞ്ചല്‍: കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍നിന്ന് മൃതദേഹം മാറി നല്കി. സംഭവത്തില്‍ രണ്ട് ആശുപത്രിജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. ഇന്നലെ രാവിലെ വാച്ചിക്കോണം സ്വദേശി വാമദേവന്റെ മൃതദേഹത്തിനുപകരം മറ്റൊരു മൃതദേഹം ആശുപത്രി അധികൃതര്‍ നല്‍കുകയായിരുന്നു. വീട്ടിലെത്തിച്ച് സംസ്കാരത്തിനായി പുറത്തെടുത്തപ്പോഴാണ് മൃതദേഹം മാറിയെന്നറിഞ്ഞത്. തിരുവനന്തപുരത്ത് സ്വകാര്യആശുപത്രിയില്‍ ചികില്‍സയിലായിരുന്ന വാമദേവന് ഇന്നലെയാണ് മരിച്ചത്. വിദേശത്തുളള ബന്ധു എത്തുന്നതിന് മൃതദേഹം കടയ്ക്കല്‍ താലൂക്കാശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. രാവിലെ ബന്ധുക്കള്‍ വീട്ടിലേയ്ക്ക് കൊണ്ടുപോയ മൃതദേഹം മാറിയെന്ന് തിരിച്ചറിഞ്ഞതോടെ തിരികെ താലൂക്കാശുപത്രിയില്‍ എത്തിച്ചു. എന്നാലപ്പോള്‍ മൃതദേഹം ഏറ്റുവാങ്ങിയവരെ ആശുപത്രി ജീവനക്കാര്‍ കുറ്റപ്പെടുത്തുകയായിരുന്നു. വാമദേവന് വെന്റിലേറ്ററിലായിരുന്നതിനാല്‍ മൃതദേഹം ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ ബന്ധുക്കള്‍ക്ക് കഴിയാതെ വന്നതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയതെന്നാണ് ആശുപത്രി ജീവനക്കാരുടെ വിശദീകരണം. പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഗ്രേഡ് 2 ജീവനക്കാരി രഞ്ജിനി, സ്റ്റാഫ് നഴ്സ് ഉമ എന്നിവരെ സസ്പെന്‍ഡ് ചെയ്തത്.