ആലപ്പുഴ:സ്ഥാനമാനങ്ങള്‍ അലങ്കരിക്കുന്നതിലേ പ്രായപരിധിയുള്ളൂവെന്നും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രായപരിധിയില്ലെന്നും മുന്‍മന്ത്രി ജി. സുധാകരന്. ഹരിപ്പാട് സി.ബി.സി വാര്യര്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴയുടെ ചരിത്രം ആര്‍ക്കും തിരശ്ശീല കൊണ്ട് മൂടിവയ്ക്കാന്‍ കഴിയില്ല. ആലപ്പുഴ പോലെ ത്യാഗംചെയ്ത മറ്റൊരു ജില്ലയില്ല. സ്വന്തം കാര്യംനോക്കാതെ ജനങ്ങള്‍ക്കും പ്രസ്ഥാനത്തിനും വേണ്ടി ഇറങ്ങിപ്പുറപ്പെട്ടവരുടെ നാടാണിത്. ആ ചരിത്രത്തിന്റെ ദീപശിഖ ഓരോരോ കാലത്ത് ഉയര്‍ത്തിപ്പിടിച്ച് മുന്നേറുന്നവരാണ് നാം ഓരോരുത്തരും. സ്ഥാനം വെറുതെ കിട്ടുന്നതല്ല, പ്രവര്‍ത്തിക്കണം. പ്രവര്‍ത്തിക്കുമ്പോള്‍ സ്ഥാനം കിട്ടിയില്ലെങ്കില്‍ ചോദ്യം ചെയ്യണം. പ്രവര്‍ത്തിച്ച പലര്‍ക്കും സ്ഥാനം കിട്ടിയിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. സ്ഥാനം വരികയും പോകുകയും ചെയ്യും. സ്ഥിരമായിട്ട് നില്ക്കുന്നതല്ല. പ്രായപരിധി പറഞ്ഞ് കമ്മിറ്റിയില്‍ നിന്ന് മാറ്റാനേ കഴിയൂ. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതിന് എന്ത് പ്രായപരിധി. അതിന് പ്രായപരിധിയൊന്നുമില്ല. പ്രായപരിധിയുണ്ടെന്ന് ചിന്തിക്കുന്ന കുറച്ചുപേരുണ്ട് ആലപ്പുഴയില്‍. സൂക്ഷിച്ചാല്‍ കൊള്ളാം. മരിക്കുന്നതുവരെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാം. പക്ഷേ പ്രത്യേക സ്ഥാനങ്ങള്‍ അലങ്കരിക്കാനാണ് വയസ്സ് വച്ചിട്ടുള്ളത്. എനിക്ക് ആ വയസ്സൊന്നും ആയിട്ടില്ല. ഞാന്‍ അങ്ങോട്ട് എഴുതി കൊടുത്താണ് കമ്മിറ്റികളില്‍ നിന്ന് ഒഴിവായതെന്നും സുധാകരന് പറഞ്ഞു.