കൊളംബോ: ഇന്ത്യന്‍ പൗരന്മാര്ക്ക് ശ്രീലങ്ക സന്ദര്‍ശിക്കാന്‍ ഇനി വിസ ഫീസ് നല്‍കേണ്ടതില്ല. ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് സൗജന്യ വിസ അനുവദിക്കാന്‍ ശ്രീലങ്ക മന്ത്രി സഭ തീരുമാനിച്ചു. നിലവില്‍ രണ്ടായിരത്തി ഇരുന്നൂറ്റമ്പത് രൂപയാണ് ശ്രീലങ്കയുടെ ടൂറിസ്റ്റ് വിസയ്ക്ക് നല്‍കേണ്ടത്. ബിസിനസ് വിസയാണെങ്കില്‍ രണ്ടായിരത്തി എണ്ണൂറും.
ഈ തുക പൂര്‍ണ്ണമായും വേണ്ടെന്ന് വയ്ക്കാനാണ് ശ്രീലങ്ക തീരുമാനിച്ചത്. ശ്രീലങ്കന്‍ വിസയ്ക്ക് പണം നല്‍കാതെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം. അപേക്ഷ നല്‍കിയവര്‍ക്ക് വിമാനത്താവളത്തില്‍ ഓണ്‍ അറൈവല്‍ വിസ സ്വീകരിക്കാനും സൗകര്യം ഉണ്ടാകും. ഇന്ത്യയ്ക്ക് പുറമെ ചൈന, റഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാര്ക്കും ശ്രീലങ്ക വിസ സൗജന്യമാക്കി. അതേസമയം റഷ്യയും ചൈനയും ഉള്‍പ്പെട്ട പട്ടികയില്‍ അമേരിക്കയില്ല.
മന്ത്രിസഭാ തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ മാര്‍ച്ച് 31 വരെയാണ് സൗജന്യ വിസയ്ക്ക് അനുമതി നല്‍കുക. രാജ്യത്തേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് ടൂറിസം വകുപ്പിന്റെ തീരുമാനം. തമിഴ്നാട്ടില്‍ നിന്ന് കഴിഞ്ഞയാഴ്ച ശ്രീലങ്കയിലേക്ക് കപ്പല്‍ സര്‍വീസ് ആരംഭിച്ചിരുന്നു. 7700 രൂപയില്‍ താഴെ മാത്രമാണ് ടിക്കറ്റ് നിരക്ക്. കൂടുതല്‍ ലഗേജ് കൊണ്ടുപോകുന്നതിനുള്ള സൗകര്യവുമുണ്ടാകും.
2019-ലെ ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയില്‍ നടന്ന ചാവേര്‍ ബോംബ് സ്ഫോടനത്തോടെ ശ്രീലങ്കയിലേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്കില്‍ കുറവ് സംഭവിച്ചിരുന്നു. വരും വര്‍ഷങ്ങളില്‍ വിനോദ സഞ്ചാരികളുടെ എണ്ണം 50 ലക്ഷമാക്കി ഉയര്‍ത്താനാണ് ശ്രീലങ്കയുടെ പദ്ധതി. ടൂറിസത്തിലൂടെ രാജ്യത്തിന് കൂടുതല്‍ വരുമാന മാര്‍ഗം കണ്ടെത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.