മലപ്പുറം:താനൂര്‍ കസ്റ്റഡി മരണത്തില്‍ നാല് പൊലീസുകാരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.ഇപ്പോള്‍ സസ്പെന്‍ഷനിലുള്ള പൊലീസുകാരായ ജിനിഷ്, ആല്ബിന് അഗസ്റ്റിന്, അഭിമന്യു, വിപിന്‍ എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. പ്രത്യേക ലഹരി വിരുദ്ധ സ്ക്വാഡിലെ (ഡാന്‍സാഫ്) അംഗങ്ങളാണ് ഇവര്‍. ലഹരിമരുന്നു കേസില്‍ പൊലീസ് പിടികൂടിയ തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രി താനൂര്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചിരുന്നു. ജിഫ്രിയുടെ ശരീരത്തില്‍ 21 മുറിവുകളുണ്ടെന്നും മര്‍ദ്ദനം മരണകാരണമായെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
അമിതമായി ലഹരി ഉപയോഗിച്ചതിന്റെ ഫലമായി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു കുഴഞ്ഞുവീണതിനെത്തുടര്‍ന്നാണ് താമിറിന്റെ മരണമെന്നാണ് താനൂര്‍ പൊലീസ് എടുത്ത കേസിലെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ (എഫ്ഐആര്‍) പറഞ്ഞിരുന്നത്. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പൊലീസ് മര്‍ദ്ദനം സംബന്ധിച്ച സൂചനകള്‍ ലഭിച്ചു. അതിനിടെ താമിര്‍ ജിഫ്രിയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയ മഞ്ചേരി മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് സര്‍ജനെതിരെ പൊലീസ് രംഗത്തെത്തിയിരുന്നു. ശരീരത്തിലേറ്റ പരിക്കുകള്‍ മരണകാരണമായെന്ന കണ്ടെത്തല്‍ സംശയകരമാണെന്നും വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ റീ പോസ്റ്റ്മോര്‍ട്ടം വേണമെന്നും സംസ്ഥാന പൊലീസ് മേധാവിക്ക് ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.