വാഷിംഗ്ടണ്‍: ചിക്കുന്‍ഗുനിയ തടയാനുള്ള ആദ്യ വാക്സിന് യുഎസ് അനുമതി നല്കി. വാല്നെവ വികസിപ്പിച്ച വാക്സിന് 'ഇക്സ്ചിക്' എന്ന പേരിലാകും വിപണിയിലെത്തുക. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് (യുഎസ്എഫ്ഡിഎ) അനുമതി നല്‍കിയത്.
18 വയസിന് മുകളിലുള്ളവര്‍ക്കാണു വാക്സിന് നല്‍കുക. ഒറ്റത്തവണയാണ് എടുക്കേണ്ടത്. ചിക്കുന്‍ഗുനിയ വ്യാപിക്കുന്ന രാജ്യങ്ങളിലേയ്ക്ക് ഉടനെ വാക്സിന് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ലോകത്ത് പലയിടത്തും ഭീഷണിയായ ചിക്കുന്‍ഗുനിയ എന്ന വൈറല്‍പനി 2007ല്‍ ആണ് കേരളത്തില്‍ പടര്‍ന്നു പിടിച്ചത്. സാധാരണ മഴക്കാലത്താണ് ഈ പനി പടരുക. ആര്‍ബോ വിഭാഗത്തില്‍പ്പെടുന്ന വൈറസുകളാണ് രോഗമുണ്ടാക്കുന്നത്. ഈഡിസ് വിഭാഗത്തില്‍പ്പെടുന്ന കൊതുകുകളാണ് രോഗാണുവാഹകര്‍.
രോഗാണുക്കളുള്ള കൊതുക് കടിച്ച് 212 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. മിക്കവരിലും 7 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങും. ഏറ്റവും പ്രധാന ലക്ഷണം ശക്തമായ പനിയാണ്. മിക്കവരിലും വിറയലോടു കൂടിയ കഠിനമായ പനിയാണ് ഉണ്ടാവുക. ഡെങ്കിപ്പനി, വൈറല്‍ പനി എന്നിവയോട് സാമ്യമുണ്ടെങ്കിലും ചില പ്രത്യേകതകള്‍ ശ്രദ്ധിച്ചാല്‍ ചിക്കന്‍ഗുനിയയെ വേര്‍തിരിച്ചറിയാം. ചിക്കുന്‍ഗുനിയ പനിയോടൊപ്പം ശരീരത്തിലെ വിവിധ സന്ധികളില്‍ നീരും വേദനയും ഉണ്ടാവുന്നു. ചിലര്‍ക്ക് പനിയോടൊപ്പം ക്ഷീണം, ഛര്‍ദ്ദി, മനംപുരട്ടല്‍ എന്നിവയും ഉണ്ടാകാം.
കണങ്കാല്, കാല്‍മുട്ട്, കൈകളിലെ ചെറിയ സന്ധികള്‍ എന്നിവയിലാണ് വേദന അനുഭവപ്പെടുക. അസഹ്യമായ സന്ധിവേദന മൂലം രോഗി വളഞ്ഞ് കൂനിപ്പോകുന്നത് കൊണ്ടാണ് രോഗത്തിന് ചിക്കുന്‍ഗുനിയ എന്ന പേരു വന്നത്. ആഫ്രിക്കയിലെ സ്വാഹിലി ഭാഷയില്‍ ചിക്കുന്‍ഗുനിയ എന്ന വാക്കിന്റെ അര്‍ത്ഥം 'വളയുക' എന്നാണ്. ഒരു സന്ധിയില്‍നിന്നും മറ്റു സന്ധികളിലേക്കും മാറിമാറി വേദന ഉണ്ടാകാം. പനി മാറിയാലും സന്ധിവേദനയും നീര്‍ക്കെട്ടും മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടു നില്ക്കും. മറ്റു രോഗങ്ങള്‍ ഉള്ളവരില്‍ മരണം സംഭവിക്കാം. ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ ഉടനെ ചികിത്സ ആരംഭിക്കണം.