ഗീതമഹേശ്വരി
കവിത
ചിന്തകളില്‍
ചക്രവാതച്ചുഴി രൂപപ്പെട്ടപ്പോഴാവാം
ചൈത്രാംബരത്തിലെ ചിത്രങ്ങള്‍
കറുത്തിരുണ്ടു പോയത്
ഇടിയും മിന്നലും കാറ്റും
ഭയപ്പെടുത്തിയിട്ടും
ഒളിക്കാതിരുന്നതിനാലാവാം
അന്തിവെളിച്ചോം കെടുത്തി
ഇരുള്‍ക്കൂടാരത്തിലടച്ചത്
മേഘപടങ്ങളുടെ ഭാവപ്പകര്‍ച്ച
അവിചാരതമായതിനാലാവാം
ചോരയിതളുകള്‍ ചൂടിയ
ഹൃദയം പെയ്തുകൊണ്ടേയിരുന്നത്
നിമിഷാര്‍ദ്ധവേഗതയില്‍
പാറിപ്പറന്ന ചിന്തകള്‍
തലച്ചോറിനെ ചുഴറ്റിയടിച്ചപ്പോഴാവാം
ഹൃദയത്തിന്റെ പ്രതീക്ഷകളും
സ്വപ്നങ്ങളും തകര്‍ന്നടിഞ്ഞത്
കാലംതെറ്റി അണിഞ്ഞതിനാലാവാം
വേനലിന്റെ ഉലയില്‍
ഊതിയുരുക്കിയ പൊന്നരഞ്ഞാണമെല്ലാം
വിഷുവെത്തുംമുമ്പേ ഊര്‍ന്നുപോയത്
പാടങ്ങളായ പാടങ്ങളൊക്കെ മണ്ണിട്ടുമൂടി
കൊലചെയ്തതിനാലാവാം
വിഷുപ്പക്ഷി പാടാത്തതും
കൊറ്റിയും മാടത്തയും
പറന്നു പറന്നകന്നതും
പത്തായമൊക്കെ വിറ്റ്
പരിഷ്‌ക്കാരം നിറച്ചതിനാലാവാം
കാലം പിണങ്ങിയതും
മുത്തശ്ശി കരുതിയപൊന്നാര്യന്‍
മുളയ്ക്കാതെപോയതും
പാതയോരങ്ങളില്‍
അനുരാഗത്തിന്റെ അടയാളങ്ങള്‍
പതിപ്പിച്ചതിനാലാവാം
വേനലിന്റെ ഗുല്‍മോഹര്‍
തലയറ്റ് കടയറ്റ് ഉടലറ്റ്
ചോരചാറിക്കിടന്നത്
ഇരയും വേട്ടക്കാരനും
ഇണയായി മാറിയതിനാലാവാം
വസന്തങ്ങള്‍ മഞ്ഞച്ചതും
ബലിമൃഗങ്ങളുടെ ചോരക്കറയാല്‍
വീടകങ്ങള്‍ വീഞ്ഞൊഴുക്കിയതും
മുലചുരത്തിയ മലയുടെ
മുടിയറുത്തതിനാലാവാം
ഉദരം പിളര്‍ന്നതും
പുഴ പൊക്കിള്‍ക്കൊടിയറുത്തതും
മാനംകറുത്ത് തോരാതെപെയ്തതും.
ഇനിയുമെത്തുമൊരു പ്രളയത്തില്‍
ഉയര്‍ന്ന് പൊങ്ങുമൊരു
കടലിലൊഴുകിനടക്കുമേവരു
മെന്നൊരോര്‍മ്മപ്പെടുത്തലാവാം
മേഘവിസ്‌ഫോടനങ്ങളുരുവിട്ടുകൊണ്ടേയിരുന്നത്.