ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ ആളുകളുടെയും ആരോഗ്യവിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കാന്‍ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് അക്കൗണ്ട് (എ.ബി.എച്ച്.എ.) വരുന്നു.
ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷനാണ് പദ്ധതി നടപ്പാക്കുന്നത്. വ്യക്തികളുടെ രജിസ്ട്രേഷന് നടപടികള്‍ തുടങ്ങി. ആധാര്‍ നമ്പര്‍ ഉപയോഗിച്ച് വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. ആശാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ഇതിന് സഹായിക്കും.
ഹെല്‍ത്ത് അക്കൗണ്ട് ഉണ്ടാക്കുമ്പോള്‍ 14 അക്ക ഐ.ഡി. നമ്പര്‍ ലഭിക്കും. ഇതില്‍ ആരോഗ്യരേഖകള്‍ സ്വീകരിക്കാനും സംഭരിക്കാനും കഴിയും. ഹെല്‍ത്ത് ഐ.ഡി. എന്നത് എ.ബി.എച്ച്.എ. നമ്പര്‍, പേഴ്സണല്‍ ഹെല്‍ത്ത് റെക്കോഡ് ആപ്പ്, ഹെല്‍ത്ത് ലോക്കര്‍ എന്നിവയുടെ സംയോജനമാണ്. വളരെ സുരക്ഷിതവും സ്വകാര്യവുമായിരിക്കും വിവരങ്ങള്‍ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആരോഗ്യരേഖകള്‍ വ്യക്തിയുടെ അറിവോടെയും സമ്മതത്തോടെയും മാത്രമേ മറ്റൊരാള്‍ക്ക് കാണാനാകൂ. ഭാവിയില്‍ ഇ-ഹെല്‍ത്ത്, ടെലി ഹെല്‍ത്ത് എന്നീ ആവശ്യങ്ങള്‍ക്കൊക്കെ ഈ ഹെല്‍ത്ത് ഐ.ഡി. ആവശ്യമായി വരും.
ഐ.ഡി.കാര്‍ഡിന്റെ നേട്ടങ്ങള്‍
എല്ലാ മെഡിക്കല്‍ വിവരങ്ങളും ഒരിടത്ത് സംഭരിക്കാം. അഡ്മിറ്റ് ചെയ്തതുമുതല് ചികിത്സയും ഡിസ്ച്ചാര്ജും വരെയുള്ള വിവരങ്ങള്‍ക്ക് കടലാസ് സൂക്ഷിക്കേണ്ട. ചികിത്സാരേഖകള്‍ കൊണ്ടുനടക്കേണ്ട. മരുന്ന് കുറിപ്പടികള്‍, പരിശോധനാ ഫലങ്ങള്‍, രോഗനിര്‍ണയ വിവരങ്ങള്‍, കുത്തിവയ്പ്പ് എന്നിവയുള്‍പ്പെടെ എല്ലാ മെഡിക്കല്‍ വിവരങ്ങളും എളുപ്പത്തില്‍ ലഭ്യമാകും.
തുടര്‍ചികിത്സ രാജ്യത്ത് എവിടെ സ്വീകരിക്കുന്നതിനും സഹായകമാകുന്നു.
ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഡോക്ടര്‍മാര്‍ എന്നിവരുമായി മെഡിക്കല്‍ രേഖകള്‍ എളുപ്പത്തില്‍ കൈമാറാം.ഇന്ത്യയിലെ എല്ലാ ഡോക്ടര്‍മാരുടെയും പട്ടികയായ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണല്‍ രജിസ്ട്രിയിലേക്ക് പ്രവേശനം ലഭിക്കുന്നു.
സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ സൗകര്യങ്ങളുടെ ഡയറക്ടറി ആയ ഹെല്‍ത്ത് ഫെസിലിറ്റി രജിസ്ട്രിയിലേക്ക് പ്രവേശനം.
എ.ബി.എച്ച്.എ. ഹെല്‍ത്ത് ഐ.ഡി. കാര്‍ഡ് ഉണ്ടാക്കാന്‍
https://abha.abdm.gov.in/register എന്ന വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാനാകും.