മിര്‍പുര്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ബംഗ്ലാദേശിന് ചരിത്ര വിജയം. അഫ്ഗാനിസ്ഥാനെ 546 റണ്‍സിന് പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് പുതിയ വിജയചരിത്രമെഴുതിയത്. റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. 662 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന് 115 റണ്‍സിന് ഓള്‍ഔട്ടായി. വിജയത്തോടെ നിരവധി റെക്കോര്‍ഡുകളാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. റണ്‍സിന്റെ അടിസ്ഥാനത്തില്‍ ടെസ്റ്റ് ചരിത്രത്തിലെ മൂന്നാമത്തെ വലിയ വിജയമാണിത്. ഇത്രയും വലിയ റണ്‍സിന് ഒരു ഏഷ്യന്‍ ടീമും ഇതുവരെ വിജയിച്ചിട്ടില്ല. റണ്‍സിന്റെ അടിസ്ഥാനത്തില്‍ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയത് ഇംഗ്ലണ്ടാണ്. 1928-ല്‍ ഓസ്ട്രേലിയയെ 675 റണ്‍സിനാണ് ഇംഗ്ലണ്ട് തകര്‍ത്തത്. പട്ടികയില്‍ രണ്ടാമതുള്ളത് ഓസീസാണ്. 1934-ല്‍ ഇംഗ്ലണ്ടിനെ 562-റണ്‍സിനാണ് കീഴടക്കിയത്. അഫ്ഗാനെതിരെ ആദ്യം ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 382 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാന് ആദ്യ ഇന്നിംഗ്സില്‍ 146 റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിംഗ്സില്‍ 425-4 ന് ബംഗ്ലാദേശ് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. അതോടെയാണ് 662 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം അഫ്ഗാന് മുന്നിലെത്തിയത്. എന്നാല്‍ 115 റണ്‍സിന് അഫ്ഗാനെ പുറത്താക്കി ബംഗ്ലാദേശ് ചരിത്രവിജയം നേടി.