സംഭവം യഹോവ സാക്ഷികളുടെ
സമ്മേളന സ്ഥലത്ത്
കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടന്ന കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് രാവിലെയുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഒരു സ്ത്രീ മരിച്ചു.സ്ഫോടനത്തില്‍ പരിക്കേറ്റ 36 പേര്‍ ചികിത്സയിലാണ്. ഇതില്‍ 18 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. 5 പേരുടെ നില ഗുരുതരമാണ്. കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപമുള്ള സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്ഫോടനം നടന്നത്. ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. ഏകദേശം 2000-ത്തിലധികം പേര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു.
യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായത് ബോംബ് സ്ഫോടനമാണെന്ന് പൊലീസ് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഐ.ഇ.ഡി വസ്തു ഉപയോഗിച്ച് നിര്‍മ്മിച്ച ടിഫിന്‍ ബോക്‌സ് ബോംബാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ സാധിക്കുവെന്നും ഡിജിപി വ്യക്തമാക്കി.
നടന്നത് ബോംബ് സ്ഫോടനമാണെന്നതിന്റെ എല്ലാ തെളിവുകളും സംഭവസ്ഥലത്തുനിന്ന് പൊലീസ് ശേഖരിച്ചു. ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നും പൊലീസ് സംശയിക്കുന്നു. കണ്‍വെന്‍ഷന്‍ സെന്ററിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.