ആലപ്പുഴ:ജില്ലയിലെ സി.പി.എമ്മില്‍ വിഭാഗീയപ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ നടപടി. പി.പി. ചിത്തരഞ്ജന് എം.എല്‍.എ., എം. സത്യപാല്‍ എന്നിവരെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറിയിലേയ്ക്ക് തരംതാഴ്ത്തി. ലഹരിക്കടത്ത് കേസില്‍ ആരോപണ വിധേയനായ ഷാനവാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. വിഭാഗീയപ്രവര്‍ത്തനം നടത്തിയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞമറ്റ് ചില നേതാക്കളെ താക്കീത് ചെയ്യും. ആലപ്പുഴ സൗത്ത്, ആലപ്പുഴ നോര്‍ത്ത്, ഹരിപ്പാട് എന്നീ മൂന്ന് ഏരിയാ കമ്മിറ്റികള്‍ പിരിച്ചുവിട്ടു.
ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ പി.പി. ചിത്തരഞ്ജന് എം.എല്‍.എ., എം. സത്യപാലന്, ജില്ലാ കമ്മിറ്റിയംഗങ്ങളായ സി.കെ. സദാശിവന്, ടി.കെ. ദേവകുമാര്‍, ശ്രീകുമാര്‍ ഉണ്ണിത്താന്, വി.ബി. അശോകന് എന്നിവരുള്‍പ്പെടെ നാല്‍പ്പതിലധികം പേരോട് സംസ്ഥാന സെക്രട്ടറി വിശദീകരണം തേടിയിരുന്നു. ഇവരുടെ മറുപടി സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിച്ച് നടപടിക്കായി ജില്ലാ ഘടകത്തിന് നല്‍കിയിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ നടപടി പ്രഖ്യാപിക്കുകയായിരുന്നു.
കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി തകഴി, ഹരിപ്പാട്, ആലപ്പുഴ സൗത്ത്, ആലപ്പുഴ നോര്‍ത്ത് ഏരിയാ സമ്മേളനങ്ങളില്‍ വിഭാഗീയതയുണ്ടായതായി പാര്‍ട്ടി കമ്മീഷന് കണ്ടെത്തിയിരുന്നു. മുന്‍ മന്ത്രി ടി.പി. രാമകൃഷ്ണന്, ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ. ബിജു എന്നിവരംഗങ്ങളായ കമ്മിറ്റിയാണ് അന്വേഷണം നടത്തിയത്. മന്ത്രി സജി ചെറിയാനെ അനുകൂലിക്കുന്നവരും ജില്ലാ സെക്രട്ടറി ആര്. നാസറിനെ അനുകൂലിക്കുന്നവരും രണ്ടുചേരികളായി വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഹരിപ്പാട്, ആലപ്പുഴ സൗത്ത് കമ്മിറ്റികളിലാണ് ഏറ്റവും കൂടുതല്‍ വിഭാഗീയത പ്രകടമായത്.