കൊച്ചി: കരുവന്നൂര്‍ ബാങ്ക് ബെനാമി വായ്പാ തട്ടിപ്പുകേസില്‍ മുന്‍മന്ത്രി എ.സി. മൊയ്തീന് എംഎല്‍എയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 19ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മൊയ്തീന് ഇഡി കത്തു നല്കി. എ.സി. മൊയ്തീന് ഹാജരാക്കിയ രേഖകള്‍ അപൂര്‍ണമാണെന്നും ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിക്കുമെന്നും ഇഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
തന്റെയും ഭാര്യയുടെയും 28 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം മരവിപ്പിച്ച നടപടി പുനഃപരിശോധിക്കാനാവശ്യപ്പെട്ട് മൊയ്തീന് കത്തു നല്‍കിയിരുന്നു. സംസ്ഥാന മന്ത്രി, എംഎല്‍എ തുടങ്ങിയ നിലകളില്‍ ലഭിച്ച വേതനത്തിന്റെ രേഖകളും സര്‍ക്കാര്‍ ജീവനക്കാരിയായ ഭാര്യയുടെ വേതനവിവരങ്ങളും മൊയ്തീന് നല്‍കിയിരുന്നു.
കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ ഒന്നാം പ്രതി പി. സതീഷ്കുമാറുമായി മൊയ്തീനുള്ള ബന്ധം സംബന്ധിച്ച ചോദ്യങ്ങളാണ് ആദ്യ ഘട്ടത്തില്‍ അന്വേഷണ സംഘം പ്രധാനമായും ഉന്നയിച്ചത്. ബാങ്കിലെ അംഗങ്ങള്‍ അറിയാതെ അവരുടെ പേരില്‍ ബെനാമി വായ്പകള്‍ അനുവദിക്കാന്‍ എ.സി.മൊയ്തീന് ശുപാര്‍ശ ചെയ്തെന്ന മൊഴികളുണ്ട്. ഇതു സംബന്ധിച്ചായിരുന്നു ഇ.ഡിയുടെ കൂടുതല്‍ ചോദ്യങ്ങളും. കേസിലെ ഒന്നാം പ്രതി പി.സതീഷ്കുമാറിന്റെ ഇടനിലക്കാരന് കെ.എ. ജിജോര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സനല്‍കുമാര്‍, തദ്ദേശ ജനപ്രതിനിധികളായ അനൂപ് ഡേവിഡ് കാട, പി.ആര്. അരവിന്ദാക്ഷന്, കൂട്ടാളി രാജേഷ് എന്നിവരെയും മൊയ്തീനൊപ്പം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ആദ്യഘട്ട ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം മൊയ്തീന് പറഞ്ഞിരുന്നു.