ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോര്‍ ജില്ലയിലുണ്ടായ ട്രെയിനപകടത്തില്‍ ഇതുവരെ 288 പേരുടെ മരണം സ്ഥിരീകരിച്ചു. ഒഡിഷ ചീഫ് സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. 900-ലേറെ പേര്‍ക്ക് പരിക്കേറ്റതായും ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ അപകടസ്ഥലത്തെ രക്ഷാദൗത്യം പൂര്‍ത്തിയായി. ബോഗികളില്‍ കുടുങ്ങിയ എല്ലാവരേയും പുറത്തെടുത്തു. ഗതാഗതം പുനസ്ഥാപിക്കാന്‍ ശ്രമം തുടങ്ങിയതായി റെയില്‍വേ അറിയിച്ചു.
അതിനിടെ, സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു.പ്രധാനമന്ത്രി ഇന്ന് അപകടസ്ഥലവും പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രികളും സന്ദര്‍ശിക്കും.
റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും ബാലസോറിലെത്തി. ട്രെയിന്‍ ദുരന്തം ഉന്നതതലസമിതി അന്വേഷിക്കുമെന്ന് റെയില്‍വേമന്ത്രി അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ റെയില്‍വേ നല്‍കും.ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാര പരിക്കേറ്റ യാത്രക്കാര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം നല്‍കും.
വെള്ളിയാഴ്ച രാത്രിഏഴ് മണിയോടെയാണ് അപകടമുണ്ടായത്. യശ്വന്ത്പുരില്‍ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്(12864), ഷാലിമാര്‍-ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ്(12841), ചരക്കുതീവണ്ടി എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന തീവണ്ടിയാണ് ആദ്യം പാളംതെറ്റി മറിഞ്ഞത്. ഇത് നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയില്‍ ഇടിച്ചു. തൊട്ടടുത്ത ട്രാക്കിലൂടെ വന്ന കോറമണ്ഡല്‍ എക്‌സ്പ്രസ് ഈ കോച്ചുകളിലേക്ക് വന്നിടിച്ചതോടെയാണ് അപകടം ഗുരുതരമായത്.
കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ 12 കോച്ചും യശ്വന്ത്പുര്‍-ഹൗറ തീവണ്ടിയുടെ നാലുകോച്ചും പാളം തെറ്റിയതായി റെയില്‍വേ വക്താവ് അമിതാഭ് ശര്‍്മ്മ അറിയിച്ചു. ഒഡിഷ ദുരന്തനിവാരണസേനയുടെയും ദേശീയ ദുരന്തനിവാരണസേനയുടെയും നേതൃത്വത്തിലാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇരു യാത്രാ ട്രെയിനുകളിലുമായി 35,00 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
അപകടത്തെത്തുടര്‍ന്ന് 48 ട്രെയിനുകള്‍ റദ്ദ് ചെയ്തതായി റെയില്‍വേ അറിയച്ചു. നിരവധി ട്രെയിനുകള്‍ ഭാഗികമായി റദ്ദ് ചെയ്തതായും ചില വണ്ടികള്‍ വഴിതിരിച്ച് വിട്ടതായും അധികൃതര്‍ പറഞ്ഞു. നിരവധി ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ആയിരക്കണക്കിന് യാത്രക്കാരാണ് ഈ നിരവധി സ്റ്റേഷനുകളിലായി കുടുങ്ങിക്കിടക്കുന്നത്.