തിരുവനന്തപുരം: യുഡിഎഫിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അയ്യന്‍കാളി ഹാളില്‍ കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ ചാണ്ടിയും താനും 1970 ലാണ് നിയമസഭയിലെത്തിയത്. 'ആ നിയമസഭയില്‍ കടന്നുവന്ന അംഗങ്ങളില്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രത്യേകത ഇതുവരെ പുതുപ്പള്ളി മണ്ഡലത്തെ തുടര്‍ച്ചയായി പ്രതിനിധീകരിക്കാനായി എന്നതാണ്. പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ ഇതു റെക്കോര്‍ഡാണ്. ഒന്നിച്ചാണ് നിയമസഭയിലെത്തിയതെങ്കിലും തനിക്കു തുടര്‍ച്ചയായി സഭയിലെ അംഗമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല'. മുഖ്യമന്ത്രി പറഞ്ഞു.ഉമ്മന്‍ ചാണ്ടി തുടര്‍ച്ചയായി ആ ചുമതല ഭംഗിയായി നിറവേറ്റി. വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്ത് ശോഭിക്കുന്ന ഭരണാധികാരിയെന്ന് കേരളത്തിനു മുന്നില്‍ തെളിയിച്ചു. രണ്ടു തവണ മുഖ്യമന്ത്രിയായപ്പോഴും ഈ ഭരണപരിചയം അദ്ദേഹത്തിനു ശക്തി പകര്‍ന്നു. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ഉമ്മന്‍ ചാണ്ടി അങ്ങേയറ്റം പ്രാധാന്യം കൊടുത്തു. പാര്‍ട്ടിയുടെ ഏറ്റവും ചലിക്കുന്ന നേതാവായി മാറി. പ്രത്യേക നേതൃവൈഭവം അദ്ദേഹം പ്രകടിപ്പിച്ചു. രോഗത്തിന് മുന്നില്‍ തളരാതെ അര്‍പ്പിതമായ ഉത്തരവാദിത്വം നിറവേറ്റി. രോഗകാലത്ത് ചടങ്ങിനിടെ കണ്ടുമുട്ടിയപ്പോള്‍ ആരോഗ്യവിവരങ്ങളെക്കുറിച്ച് ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ച കാര്യവും മുഖ്യമന്ത്രി പരാമര്‍ശിച്ചു. ചികിത്സയ്ക്കിടെ ഒരു പൊതുപരിപാടിയില്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ നേരത്തേതിനേക്കാള്‍ പ്രസരിപ്പും ഉന്മേഷവും കണ്ടു. നല്ല മാറ്റമാണല്ലോ വന്നിരിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹം ചികിത്സിച്ച ഡോക്ടറുടെ പേരു പറഞ്ഞു. ഇപ്പോള്‍ നല്ല മാറ്റമുണ്ടെന്നും പറഞ്ഞു. ഞാന്‍ ഡോക്ടറെ വിളിച്ച് അനുമോദിച്ചു. ചികിത്സയുടെ ഭാഗമായി താന്‍ പറയുന്നത് അംഗീകരിക്കുമോ എന്നറിയില്ലെന്നും അദ്ദേഹം വിശ്രമിക്കാന്‍ തയാറാകില്ലെന്നുമാണ് ഡോക്ടര്‍ പറഞ്ഞത്. വിശ്രമം അദ്ദേഹത്തിന്റെ കൂടപ്പിറപ്പല്ല. രോഗം ബാധിച്ചപ്പോഴും പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമിച്ചത്. രോഗാവസ്ഥയിലും കേരളം മൊത്തം എത്തുന്ന ഉമ്മന്‍ ചാണ്ടിയെ ആണ് കണ്ടത്. വിയോഗം കോണ്‍ഗ്രസിന് കനത്ത നഷ്ടമാണ്. പെട്ടെന്ന് നികത്താവുന്ന വിയോഗമല്ല. യുഡിഎഫിനും വലിയ നഷ്ടം ഉണ്ടായി എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്രയും തരംതാഴ്ന്ന രീതിയില്‍ രാഷ്ട്രീയമായി വേട്ടയാടിയ മറ്റൊരു നേതാവില്ലെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പറഞ്ഞു. അദ്ദേഹത്തിന്റെ സമ്പത്ത് ജനങ്ങളുടെ സ്നേഹം മാത്രമായിരുന്നുവെന്നും കെ.സുധാകരന് പറഞ്ഞു.