ഇടമണ്‍ കിഴക്ക് എസ്.എന്‍.ഡി.പി ശാഖായോഗം വാര്‍ഷികപൊതുയോഗം
ഇടമണ്‍: കിഴക്ക് 854-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും
ആര് പി ശിവകുമാര്‍
നൈസാമലിയുടെ യുദ്ധവും പൊലീസും
'ഖസാക്കിന്റെ ഇതിഹാസ'ത്തില്‍ അടുത്തിടെ ആരോ വരുത്തിയ ഒരു തിരുത്തിനെപ്പറ്റി ഫേസ്ബുക്കിലെ റീഡേഴ്സ് ഫോറത്തില്‍ ഒരു പോസ്റ്റ് വന്നിരുന്നു. സാഹിത്യ തത്പരരുടെ വാട്സാപ് ഗ്രൂപ്പുകളിലും അത് പ്രചരിച്ചിരുന്നു.
സംഗതിയിതാണ് നോവലിലെ അഞ്ചാം അദ്ധ്യായമായ 'ഷെയ്ക്കിന്റെ ഖാലിയാറില്' പൊലീസ് ലോക്കപ്പില്‍ക്കിടന്ന് തല്ലുകൊണ്ട് വശംകെട്ട നൈസാമലി ''അള്ളാപ്പിച്ച മൊല്ലാക്കയും താനുമായുള്ള യുദ്ധത്തില്‍ പൊലീസിനെന്തുകാര്യം?'' എന്ന് ചിന്തിക്കുന്നത് അടുത്തകാലത്തെ പതിപ്പില്‍ 'അത്തറു മുതലാളിയും താനുമായുള്ള യുദ്ധം' എന്ന് മാറ്റിയെഴുതിയിരിക്കുന്നു. എന്തായാലും തിരുത്തിയത് ഒ വി വിജയനല്ല. 1995 ലെയും 2015 ലെയും എഡിഷനുകളില്‍ അള്ളാപ്പിച്ച മൊല്ലാക്കയാണ്. 2019 ലെ ഖസാക്കിന്റെ ഇതിഹാസത്തില്‍ മൊല്ലാക്ക മാറി 'അത്തറു മുതലാളി' കടന്നു വരുന്നു. ഇത് പ്രസാധകന്റെ പണിയാണെന്നും എഴുത്തുകാരന്റെ ആധികാരികതയെ ചോദ്യം ചെയ്യുന്ന പരിപാടിയാണെന്നുമാണ് പൊതുവായുള്ള നിഗമനം.
ഒ വി വിജയന് തന്നെ പരിഭാഷപ്പെടുത്തിയതാണ് ദ ലെജെന്റ് ഓഫ് ഖസാക്ക്, അതിലും ''war with mullah'' ആണ്. നൈസാമലിയുടെ യുദ്ധം അത്തറു മുതലാളിയുമായല്ല.
യഥാര്‍ത്ഥത്തില്‍ എവിടെയാണ് പ്രശ്നം?
നൈസാമലിക്ക് മൈമുനയെ കല്യാണം കഴിച്ചുകൊടുക്കാമെന്ന് അള്ളാപ്പിച്ച മൊല്ലാക്കയ്ക്ക് ഒരു ആശയമുണ്ടായിരുന്നു. പക്ഷേ അയാള്‍ മുടി വെട്ടുന്നില്ല, മൊല്ലാക്കയുടെ ഉപദേശം അനുസരിക്കുന്നില്ല, വാങ്കു വിളിക്കുന്നില്ല. അതുപോലെ തലതിരിഞ്ഞ് പുളിങ്കുരു പെറുക്കി നടന്ന് ബീഡി മുതലാളിയായതാണ് അത്തറും. അയാളുടെ കൂടെ ചേര്‍ന്ന് നൈസാമലി ആദ്യം മുതലാളിയായി. അയാളുടെ ഭാര്യയെ വശപ്പെടുത്തി സ്വന്തമായി ബീഡിക്കമ്പനി തുടങ്ങി സ്വയം മുതലാളിയായി. മൈമുനയുടെ കല്യാണം കഴിഞ്ഞതോടെ കമ്പനിയുപേക്ഷിച്ചയാള് നാടുവിട്ടു. വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ തിരിച്ചു വരുന്നത്. യന്ത്രത്തെപ്പോലെ പണിയെടുക്കുമെന്നതിനാല് അത്തറു മുതലാളി കഴിഞ്ഞതെല്ലാം മറന്ന് കമ്പനിയില്‍ വീണ്ടും തൊഴിലാളിയാക്കി ചേര്‍ത്തു. എന്നാല്‍ അധികം താമസിക്കും മുന്‍പേ കൂമന് കാവ് ബീഡിത്തൊഴിലാളി യൂണിയന് ഉണ്ടാക്കി സമരം ചെയ്തു.
''എല്ലാ രാജ്ജിയങ്ങളിലിയും ഒഷപ്പാളികളേ- സങ്കടിക്കുവിന്‍!
ആങ്കളോ അമേരിക്കന്‍ ചൊരണ്ടല് നസിക്കട്ടെ!
മര്തകന് എം അത്തറ് മൂറതബാത്!
ഇങ്കിലാ സിന്താബാത്! '
എന്നെല്ലാം മുദ്രാവാക്യം വിളിച്ചു.
അഞ്ചാം ദിവസം പൊലീസെത്തി മുതലാളിയെയും തൊഴിലാളിയെയും പൊക്കി കൈയാമം വച്ച് പാലക്കാട് കൊണ്ടു പോയി തല്ലിച്ചതച്ചു. ലോക്കപ്പില്‍ വച്ച് രാത്രി നൈസാമലിക്ക് സെയ്യദ് മിയാന്‍ ശെയിഖ് തങ്ങളുടെ ദര്‍ശനവും ബോധോദയവും ഉണ്ടായി. വീണ്ടും ആളാകെ മാറി.
ജയില്മുറിയില്വച്ച് തല്ലിനൊപ്പം കനപ്പെട്ട കുറ്റങ്ങളാണ് നൈസാമലിയുടെ മേല്‍ പൊലീസ് ചാര്‍ത്തിക്കൊടുത്തത്. രാഷ്ട്രത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചത്, ഹിംസാത്മകമായ മാര്‍ഗത്തിലൂടെ ഭരണത്തെ അട്ടിമറിക്കാന്‍ നോക്കിയത്, കൊലപാതകത്തിനു പ്രേരണ നല്‍കിയത്. അങ്ങനെ പലതും.
കടവുള്‍ സകായം എം അത്തരു ഫോട്ടോ ബീഡി കമ്പനി മുതലാളിയുമായുള്ള തൊഴിലാളി പ്രശ്നമാണ് പൊലീസ് കേസിനു കാരണം. അല്ലാതെ അള്ളാപ്പിച്ച മൊല്ലാക്ക, മുങ്ങാങ്കോഴി മൈമുനയെ ചുക്രുരാവുത്തര്ക്ക് കല്യാണം കഴിപ്പിച്ചു കൊടുത്തതല്ല. അവരുതമ്മില് അങ്ങനെ പ്രകടമായ യുദ്ധവും ഇല്ല. ആ നിലയ്ക്ക് ബോധോദയം ഉണ്ടായ നൈസാമലി അത്തറും താനുമായുള്ള ഇടപാടില്‍ പൊലീസിനെന്തു കാര്യം എന്നുതന്നെയല്ലേ ചിന്തിക്കേണ്ടത്?
തെറ്റുകള്‍ തിരുത്തുന്നത് കുറ്റമോ?
എം മുകുന്ദന്റെ ദല്‍ഹി ഗാഥകളുടെ വിവര്‍ത്തനത്തിന് (Delhi- A Soliloquy) ജെ സി ബി അവാര്‍ഡ് കിട്ടിയതുമായി ബന്ധപ്പെട്ട പരിപാടിയില്‍, വിവര്‍ത്തകര്‍ മലയാളം പതിപ്പിലുണ്ടായിരുന്ന വസ്തുതാപരമായ പിഴവുകള്‍ ഇംഗ്ലീഷ് പതിപ്പില്‍ തിരുത്തിയതിനെപ്പറ്റി പറഞ്ഞതോര്‍ക്കുന്നു. സാധാരണ നിലയില്‍ വലിയ എഴുത്തുകാര്‍ക്ക് ഓര്‍മ്മത്തെറ്റോ വസ്തുതാപരമായ പിഴവോ വരാറില്ലെന്നത് പൊതുവായ വിശ്വാസമാണ്. അതുകൊണ്ട് ആരെങ്കിലും തിരുത്തിയാല്‍ത്തന്നെ അതു ശരിയായോ എന്ന മട്ടില്‍ പ്രതികരിക്കുന്നവരായിരിക്കും അധികവും. തെറ്റുകള്‍ വളരെ സ്വാഭാവികമായ കാര്യമാണ്. എഴുത്തുകാരുടെ 'അമ്പട ഞാനേ' എന്ന പാരമ്പര്യവിശ്വാസവും ആരാധകരുടെ ഉപാധികളില്ലാത്ത വിഗ്രഹാരാധനയും ചേര്‍ന്ന് അവരെ അപ്രമാദികളാക്കി നിലനിര്‍ത്തുന്നു. അതുപോലെ വല്ലതുമാണോ എന്ന് ആലോചിക്കേണ്ടതുണ്ട്.
ഒന്നുകൂടി വായിച്ചുനോക്കുമ്പോള്‍ അത്തറു മുതലാളിയും താനും തമ്മിലുള്ള യുദ്ധത്തില്‍ പൊലീസിനെന്തുകാര്യം എന്ന നൈസാമലിയുടെ ചിന്തയ്ക്കാണ് പ്രസക്തിയുള്ളത്. അവിടെ അള്ളാപ്പിച്ച മൊല്ലാക്ക വരേണ്ട ഒരു കാര്യവുമില്ല. വിജയന് അബോധാത്മകമായി പറ്റിയ പിഴ ഇതുവരെ ആരും കണ്ടു പിടിക്കാതെയും തിരുത്താതെയും കിടന്നതാകാന് സാധ്യതയുണ്ട്. പുതിയ പതിപ്പുകളില്‍ അതു തിരുത്തപ്പെടുന്നു എന്നത് കുറ്റമല്ല. പക്ഷേ തിരുത്തലിന് പിന്നിലാരെന്നറിയാന്‍ വായനക്കാരന് അവകാശമില്ലേ?
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ഇടമണ്‍: കിഴക്ക് 854-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും
തെന്മല: പഞ്ചായത്തില്‍ യുദ്ധ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ പൂര്‍വ്വ സൈനിക
കൊല്ലം: പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയയുമായി കാല്‍നടയാത്രപോലും ദുഷ്കരമായ കൂട്ടിക്കട റെയില്‍വേ ഗേറ്റ് റോഡ്
©2023 PressKerala . All rights reserved | Designed & Coded by Jibin George
Subscribe our News Portal