ഗാങ്ടോക്: സിക്കിമിലെ ടീസ്റ്റ നദിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 23 സൈനികരെ കാണാതായി. സൈനിക വാഹനങ്ങളുള്‍പ്പെടെ വെള്ളത്തിനടിയിലായി. ചുങ്താങ് അണക്കെട്ട് തുറന്നുവിട്ടതിനേത്തുടര്‍ന്ന് നദിയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുകയായിരുന്നു. ചിലയിടങ്ങളില്‍ 20 അടി വരെ ജലനിരപ്പുയര്‍ന്നു. ബുധനാഴ്ച ലാചെന്‍ താഴ്വരയിലാണ് സംഭവം. കാണാതായവര്‍ക്ക് വേണ്ടി സൈന്യം തിരച്ചില്‍ ആരംഭിച്ചു.
വടക്കന്‍ സിക്കിമിലെ ലോനാക് തടാകത്തിനു സമീപം മേഘവിസ്ഫോടനം സംഭവിച്ചതാണ് പ്രളയത്തിലേക്ക് നയിച്ചത്. ഇതിന് പിന്നാലെ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയും തുറന്നുവിടുകയും ചെയ്തു. സിങ്താമിനു സമീപം നിര്‍ത്തിയിട്ടിരുന്ന സൈനിക വാഹനങ്ങള്‍ ഒഴുകിപ്പോയി. സിങ്താമില്‍ ടീസ്റ്റയ്ക്ക് കുറുകെയുണ്ടായിരുന്ന നടപ്പാലം തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് പശ്ചിമ ബംഗാളിലും നദീതീരത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു.
സിങ്താമില്‍ ടീസ്റ്റ നദീതീരത്തുള്ള പരിശീലന കേന്ദ്രത്തിലെ 25ഓളം സൈനിക വാഹനങ്ങളാണ് പ്രളയത്തില്‍ ഒഴുകിപ്പോയത്. താഴ്ന്ന പ്രദേശങ്ങളായ സാങ്കലാങ്, ബ്രിങ്ബോങ്, ഒഹിഡാങ്, ദിക്ചു, രംഗ്പോ എന്നിവിടങ്ങളില്‍നിന്നെല്ലാം ആളുകള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്ന് നിര്‍ദ്ദേശമുണ്ട്.
പശ്ചിമ ബംഗാളിനേയും സിക്കിമിനേയും ബന്ധിപ്പിക്കുന്ന ദേശീയപാത 10 നിരവധിയിടങ്ങളില്‍ തകര്‍ന്നു. വിവിധയിടങ്ങളില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. നദീതീരത്തുനിന്ന് ആളുകള്‍ മാറണമെന്ന് സിക്കിം സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. സംസ്ഥാനത്ത് 2400ഓളം വിനോദസഞ്ചാരികള്‍ ഒറ്റപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ജൂണില്‍ വടക്കന്‍ സിക്കിമിലെ പെഗോങ് മേഖലയില്‍ പ്രളയമുണ്ടായിരുന്നു.