Header ads

CLOSE

മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ നിരുപാധികം പിന്‍വലിക്കണം: സാംസ്‌കാരികപ്രവര്‍ത്തകര്‍

മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍   നിരുപാധികം പിന്‍വലിക്കണം:  സാംസ്‌കാരികപ്രവര്‍ത്തകര്‍

തിരുവനന്തപുരം: മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ജനാധിപത്യവിരുദ്ധമായി എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് സാമൂഹിക-സാംസ്‌കാരിക-സാഹിത്യ -മാദ്ധ്യമരംഗത്തെ പ്രമുഖര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെയും വായിച്ചതിന്റെയും പേരില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതും ചോദ്യം ചെയ്യലിന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുന്നതും അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും മാദ്ധ്യമസ്വാതന്ത്ര്യത്തിന്റെ നിഷേധവുമാണെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പറഞ്ഞു. 
മാദ്ധ്യമപ്രവര്‍ത്തകരായ അഖില നന്ദകുമാര്‍, അബ്‌ജോദ് വര്‍ഗീസ്, ജയചന്ദ്രന്‍ ഇലങ്കത്ത് എന്നിവര്‍ക്കെതിരെ കേരള പൊലീസ് സ്വീകരിച്ച നടപടികള്‍ നിരുപാധികം പിന്‍വലിക്കണമെന്ന് 137 സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ മന്ത്രിമാരും ഭരണകക്ഷി നേതാക്കളും പൊലീസ് നടപടി ന്യായീകരിച്ച് നിരന്തരം നടത്തുന്ന പ്രസ്താവനകള്‍ ജനാധിപത്യ പൗരസമൂഹം ഏറെ ആശങ്കയോടെയാണ് കാണുന്നത്. കേന്ദ്ര ഭരണാധികാരികള്‍ അന്വേഷണ ഏജന്‍സികളെ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ദുരുപയോഗം ചെയ്യുന്നതിനെ നിരന്തരം വിമര്‍ശിക്കുന്നവര്‍, തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനത്ത് മാദ്ധ്യമ സ്വാതന്ത്ര്യത്തിന് ഭീഷണിയുയര്‍ത്തുന്നത് വിരോധാഭാസമാണ്.  ഭരണകൂടവും കോര്‍പ്പറേറ്റ് മാദ്ധ്യമ സ്ഥാപനങ്ങളും മാദ്ധ്യമ സ്വാതന്ത്ര്യത്തില്‍ പലവിധത്തില്‍ ഇടപെടുന്ന സാഹചര്യമാണ് ഇന്ത്യയിലുള്ളത്. 
മാദ്ധ്യമസ്വാതന്ത്ര്യം മാദ്ധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യ പ്രശ്‌നം മാത്രമല്ല, അത് ജനാധിപത്യ സമൂഹത്തിന്റെയും ഭരണഘടനാപരമായ പൗരാവകാശത്തിന്റെയും അവിഭാജ്യഘടകമാണ്. അതുകൊണ്ടാണ് ഭരണഘടനയില്‍ മാദ്ധ്യമസ്വാതന്ത്ര്യം എന്ന് എടുത്തുപറയാഞ്ഞിട്ടും അത് അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന മൗലികാവകാശത്തില്‍ ഉള്‍പ്പെട്ടതാണെന്നും മാദ്ധ്യമ പ്രവര്‍ത്തകരെ വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കാനാവില്ലെന്നും സുപ്രീം കോടതി നിരവധി തവണ ഭരണഘടനാ വ്യാഖ്യാനവിധികളിലൂടെ വ്യക്തമാക്കിയത്. 
കേന്ദ്ര ഭരണാധികാരികള്‍ പ്രകടിപ്പിക്കുന്ന സമഗ്രാധിപത്യപ്രവണതകളെ ഫലപ്രദമായി ചെറുക്കുന്നതിന് പൗരസമൂഹത്തെ അണിനിരത്താന്‍ ശ്രമിക്കുന്നതിന് പകരം അതേ പ്രവൃത്തി കേരളത്തിലും ശക്തിപ്പെടുത്തുന്ന സംസ്ഥാനസര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സാംസ്‌കാരികപ്രവര്‍ത്തകര്‍ സംയുക്തപ്രസ്താവനയില്‍ പറഞ്ഞു. 
ബി.ആര്‍.പി ഭാസ്‌കര്‍, കെ.ജി.ശങ്കരപ്പിള്ള, സി.രാധാകൃഷ്ണന്‍, ബി രാജീവന്‍ 
ഡോ.എം.കുഞ്ഞാമന്‍, കെ.അജിത, എം.എന്‍ കാരശ്ശേരി 
ഡോ. ഇ.വി രാമകൃഷ്ണന്‍, കെ.സി. നാരായണന്‍, എം.ജി രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് സംയുക്തപ്രസ്താവനയില്‍ ഒപ്പ് വച്ചിട്ടുള്ളത്. 
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads