ഗഗന്‍യാന്‍ ദൗത്യസംഘത്തെ നയിക്കുന്നത് മലയാളി ക്യാപ്റ്റന്‍ പ്രശാന്ത് ബി നായരെ പ്രധാനമന്ത്രി വിന്‍ ബാഡ്ജ് അണിയിക്കുന്നു
തിരുവനന്തപുരം: മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യസംഘത്തെ നയിക്കുന്നത് മലയാളി ക്യാപ്റ്റന്‍ പ്രശാന്ത് ബി നായര്‍. പാലക്കാട് നെന്‍മാറ സ്വദേശിയായ ക്യാപ്റ്റന്‍ പ്രശാന്ത് ബി നായര്‍ വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനും 'സുഖോയ്' യുദ്ധവിമാനത്തിന്റെ പൈലറ്റുമാണ്. ഗ്രൂപ്പ് ക്യാപ്റ്റന്‍മാരായ അജിത് കൃഷ്ണന്‍, അങ്കദ് പ്രതാപ്, വിംഗ് കമാന്‍ഡര്‍ ശുഭാന്‍ഷു ശുക്ല എന്നിവരാണ് ദൗത്യസംഘത്തിലെ മറ്റ് മൂന്ന് പേര്‍.
നെന്‍മാറ വിളമ്പില്‍ ബാലകൃഷ്ണന്റെയും കൂളങ്ങാട്ട് പ്രമീളയുടെയും മകനാണ് പ്രശാന്ത്. പാലക്കാട് അകത്തേത്തറ എന്‍എസ്എസ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയായിരിക്കെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ (എന്‍ഡിഎ) ചേര്‍ന്നു. പരിശീലനം പൂര്‍ത്തിയാക്കി 1999 ജൂണില്‍ വ്യോമസേനയുടെ ഭാഗമായി. യുഎസ് എയര്‍ കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളജില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി. 1998ല്‍ ഹൈദരാബാദ് വ്യോമസേനാ അക്കാദമിയില്‍നിന്ന് 'സ്വോര്‍ഡ് ഓഫ് ഓണര്‍' സ്വന്തമാക്കി. ഗഗന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുത്ത ടെസ്റ്റ് പൈലറ്റുമാര്‍ പ്രശാന്ത് ബി.നായരുടെ നേതൃത്വത്തില്‍ ഒന്നര വര്‍ഷം റഷ്യയില്‍ പരിശീലനം നടത്തിയിരുന്നു. ബംഗളുരുവിലെ ഹ്യൂമന്‍ സ്‌പേസ് സെന്ററിലും പരിശീലനം പൂര്‍ത്തിയാക്കി.
തിരുവനന്തപുരം ഇന്ന് വിഎസ്എസ്സി സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ദൗത്യത്തിന് തയാറെടുക്കുന്ന 4 ടെസ്റ്റ് പൈലറ്റുമാരുടെ പേരുകള്‍ പ്രഖ്യാപിച്ചു. പേരുകള്‍ പ്രഖ്യാപിക്കുന്ന സമയത്ത് വേദിയിലെത്തിയ ഇവരെ പ്രധാനമന്ത്രി വിന്‍ ബാഡ്ജ് അണിയിച്ച് അനുമോദിച്ചു.
ഈ നാലു പേരില്‍ മൂന്ന് പേരാകും അടുത്ത വര്‍ഷം ബഹിരാകാശയാത്ര നടത്തുക.