Header ads

CLOSE

നടന്‍ പൂജപ്പുര രവി അന്തരിച്ചു; എണ്ണൂറ് സിനിമകളിലും നാലായിരം നാടകങ്ങളിലും നിരവധി സീരിയലുകളിലും തിളങ്ങിയ പ്രതിഭ

നടന്‍ പൂജപ്പുര രവി അന്തരിച്ചു;  എണ്ണൂറ് സിനിമകളിലും  നാലായിരം നാടകങ്ങളിലും  നിരവധി സീരിയലുകളിലും  തിളങ്ങിയ പ്രതിഭ

മറയൂര്‍:പ്രശസ്ത നാടക-ചലച്ചിത്രനടന്‍ പൂജപ്പുര രവി (84)അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് മറയൂരിലെ മകളുടെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇന്ന് രാവിലെ 11.30ന് ശ്വാസംമുട്ടലുണ്ടായപ്പോള്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. 
നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ച പൂജപ്പുര രവി ഹാസ്യനടനായും സ്വഭാവനടനായും തിളങ്ങി. കള്ളന്‍ കപ്പലില്‍തന്നെ, റൗഡി രാമു, ഓര്‍മ്മകള്‍ മരിക്കുമോ?, അമ്മിണി അമ്മാവന്‍, മുത്താരംകുന്ന് പിഒ, പൂച്ചയ്‌ക്കൊരു മൂക്കുത്തി, ലൗ ഇന്‍ സിംഗപ്പൂര്‍, ആനയ്‌ക്കൊരുമ്മ, നന്ദി വീണ്ടും വരിക, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കടത്തനാടന്‍ അമ്പാടി, മഞ്ചാടിക്കുരു തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അവസാന ചിത്രം 2016ല്‍ പുറത്തിറങ്ങിയ ഗപ്പിയാണ്. 
തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ എം.രവീന്ദ്രന്‍ നായരെ നാടക നടന്‍ ആയിരിക്കെ കലാനിലയം കൃഷ്ണന്‍ നായരാണ് പൂജപ്പുര രവിയാക്കിയത്. നാടകരംഗത്ത് ധാരാളം രവിമാര്‍ ഉള്ളതിനാല്‍ പൂജപ്പുര എന്ന സ്ഥലപ്പേരുകൂടി ചേര്‍ക്കുകയായിരുന്നു അദ്ദേഹം. ഭാര്യ പരേതയായ തങ്കമ്മ കലാനിലയത്തില്‍ നടി ആയിരുന്നു. മക്കള്‍ ലക്ഷ്മി, ഹരികുമാര്‍.
ട്രാവന്‍കൂര്‍ ഇന്‍ഫന്‍ട്രിയിലും സൈനിക സ്‌കൂളിലും ഉദ്യോഗസ്ഥനായിരുന്ന മാധവന്‍പിള്ളയുടെയും ഭവാനിയമ്മയുടെയും നാലുമക്കളില്‍ മൂത്തയാളാണ് രവി. ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് സ്‌കൂള്‍, തിരുമല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ചു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കെ ആകാശവാണിയുടെ റേഡിയോ നാടകത്തില്‍ അഭിനയിച്ചു. പിന്നീട് ആകാശവാണി ബാലലോകം നാടകങ്ങളില്‍ സ്ഥിരം ശബ്ദസാന്നിദ്ധ്യമായി.
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ എസ്.എല്‍. പുരം സദാനന്ദന്റെ 'ഒരാള്‍കൂടി കള്ളനായി' എന്ന നാടകത്തില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. അദ്ധ്യാപകരില്‍നിന്നുള്‍പ്പെടെ മികച്ച പ്രതികരണം ലഭിച്ചതോടെ അഭിനയം തന്റെ വഴിയായി അദ്ദേഹം തെരഞ്ഞെടുത്തു. നാടകങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ചതോടെ സിനിമ ലക്ഷ്യമാക്കി അദ്ദേഹം മദ്രാസിലേക്ക് ട്രെയിന്‍ കയറി. വേലുത്തമ്പി ദളവ ഉള്‍പ്പെടെ ഏതാനും സിനിമകളില്‍ മുഖം കാണിച്ചു.
സിനിമകളില്‍ അവസരങ്ങള്‍ ഇല്ലാതായതോടെ സ്വകാര്യ കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു. പിന്നീട് ജഗതി എന്‍.കെ. ആചാരിയുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം തിരിച്ച് തിരുവനന്തപുരത്ത് എത്തി കലാനിലയം നാടകവേദിയില്‍ നടനായി. ഹാസ്യ വേഷങ്ങളില്‍ തിളങ്ങിയ അദ്ദേഹം കലാനിലയത്തിന്റെ അവിഭാജ്യ ഘടകമായി മാറി. കായംകുളം കൊച്ചുണ്ണി, രക്തരക്ഷസ് തുടങ്ങിയ നാടകങ്ങളിലെ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 10 വര്‍ഷത്തോളം കലാനിലയത്തില്‍ നടനായി തുടര്‍ന്നു.
1976ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത അമ്മിണി അമ്മാവന്‍ എന്ന സിനിമയില്‍ ശ്രദ്ധേയ വേഷം അവതരിപ്പിക്കാന്‍ സാധിച്ചതോടെ സിനിമയില്‍ നിരവധി വേഷങ്ങള്‍ തേടിയെത്തി. സത്യന്‍, നസീര്‍, മധു, ജയന്‍ തുടങ്ങി മമ്മൂട്ടിയും മോഹന്‍ലാലും പ്രിഥ്വിരാജും ടൊവീനോ തോമസും ഉള്‍പ്പെടെയുള്ള വിവിധ തലമുറകള്‍ക്കൊപ്പം അഞ്ച് പതിറ്റാണ്ടോളം അഭിനയരംഗത്ത് സജീവമായിരുന്നു അദ്ദേഹം.
സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതോടെ മിനിസ്‌ക്രീനില്‍ ശ്രദ്ധിച്ച അദ്ദേഹം നിരവധി ടി.വി. സീരിയലുകളിലും വേഷമിട്ടു.
പൂജപ്പുര രവിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി.ശിവന്‍കുട്ടിയും അനുശോചിച്ചു. മൃതദേഹം തിരുവനന്തപുരത്തെത്തിച്ച് പിന്നീട് സംസ്‌കരിക്കും.
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads