തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ കെട്ടിടം വാങ്ങിയതുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ വിജിലന്‍സിന് അനുമതി നല്‍കി. ചിന്നക്കനാല്‍ വില്ലേജില്‍ 1.14 ഏക്കര്‍ സ്ഥലവും കെട്ടിടവും വില്‍പ്പന നടത്തിയതിലും രജിസ്റ്റര്‍ ചെയ്തതിലും ക്രമക്കേട് നടന്നതായും അന്വേഷിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു. 1988ലെ അഴിമതി നിരോധന നിയമത്തിലെ 17ാം വകുപ്പ് അനുസരിച്ചാണ് അന്വേഷണത്തിന് അനുമതി നല്‍കിയത്. ഉത്തരവില്‍ മാത്യു കുഴല്‍ നാടന്‍ എംഎല്‍എയുടെ പേര് പറഞ്ഞിട്ടില്ല. മാത്യു കുഴല്‍ നാടന്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള ചിന്നക്കനാലിലെ കെട്ടിടം ഭൂപതിവു ചട്ടം ലംഘിച്ചാണ് നിര്‍മ്മിച്ചതെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനനാണ് ആരോപിച്ചത്. ഭൂമി വാങ്ങിയതില്‍ നികുതി വെട്ടിച്ചതായും അദ്ദേഹം ആരോപിച്ചിരുന്നു.നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും ഭൂമി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും മാത്യു കുഴല്‍ നാടന്‍ പറഞ്ഞിരുന്നു.