Header ads

CLOSE

പ്രതിപക്ഷബഹിഷ്‌കരണം നിര്‍ഭാഗ്യകരം: മുഖ്യമന്ത്രി; 2025 നവംബര്‍ ഒന്നിന് മുമ്പ് സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമാക്കും

പ്രതിപക്ഷബഹിഷ്‌കരണം നിര്‍ഭാഗ്യകരം: മുഖ്യമന്ത്രി; 2025 നവംബര്‍ ഒന്നിന് മുമ്പ്  സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമാക്കും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വന്തം നേട്ടങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന കേരളീയം, നവ കേരള സദസ്  തുടങ്ങിയ പരിപാടികളെ സങ്കുചിതമായി കണ്ട് ബഹിഷ്‌കരിക്കുന്ന പ്രതിപക്ഷനിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.എന്തിനെയും ധൂര്‍ത്ത് എന്ന് പറഞ്ഞ് ആക്ഷേപിക്കുകയാണ് പ്രതിപക്ഷം. നാടിന്റെ മുന്നോട്ട് പോക്കിനും നവകേരള സൃഷ്ടിക്കും കരുത്തേകുന്ന പരിപാടിയാണ് കേരളീയം അടക്കമുള്ളവ. ഇവയെല്ലാം സര്‍ക്കാര്‍ പരിപാടിയായി നടക്കും. സ്‌പോണ്‍സര്‍ഷിപ്പ് വന്നാല്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കരുവന്നൂര്‍ വിഷയത്തില്‍ കേരളത്തിന്റെ സഹകരണ മേഖലയെ പരിഗണിച്ചേ നിലപാടെടുക്കാനാകുകയുള്ളു. കേരളത്തിലെ സഹകരണ പ്രസ്ഥാനം നാടിന് വലിയ സംഭാവന യാണ് നല്‍കുന്നത്. 16000 ത്തിലേറെ സഹകരണ സംഘങ്ങള്‍ നാട്ടിലുണ്ട്. 98 ശതമാനവും കുറ്റമറ്റ രീതിയിലാണ് മുന്നോട്ട് പോകുന്നത്. 1.5 ശതമാനത്തിലാണ് ക്രമക്കേടുള്ളത്. സഹകരണ മേഖല കേരളത്തില്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അത് സാധാരണ ജനത്തിന്റെ നിത്യജീവിതത്തിന്റെ ഭാഗമാണ്. തെറ്റായ വഴിയില്‍ സഞ്ചരിച്ചവര്‍ക്കെതിരെ നടപടി വേണം. സഹകരണ മേഖലയിലെ ക്രമക്കേടുകള്‍ തടയാന്‍ 50 വര്‍ഷം പഴക്കമുള്ള നിയമങ്ങള്‍ പരിഷ്‌കരിച്ചു. ബാങ്കിനെ തകര്‍ച്ചയില്‍നിന്ന് കരകയറ്റാനാണ് സര്‍ക്കാര്‍ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചത്. ഇപ്പോഴത്തെ നീക്കങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്ന് സംശയിക്കണം. കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയം ഉയര്‍ന്നുവന്നപ്പോള്‍ത്തന്നെ പൊലീസും ക്രൈംബ്രാഞ്ചും ക്രിയാത്മകമായി ഇടപെട്ടു. ഈ കേസില്‍ 26 പ്രതികളാണുള്ളത്. 18 എഫ്‌ഐആറുകളും റജിസ്റ്റര്‍ ചെയ്തു. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുമ്പോഴാണ് ഇ.ഡി വന്നത്. എന്തായാലും ഇ.ഡിയുടെ ലക്ഷ്യം വിജയിക്കാന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കൂടുതലായി ജനങ്ങളിലെത്തിക്കുന്നതിന് മേഖലാ യോഗങ്ങള്‍ നടത്തും. പദ്ധതികളുടെ അവലോകനമാകും ഈ യോഗങ്ങളുടെ മുഖ്യ അജണ്ട. അതിദാരിദ്ര്യ നിര്‍മ്മാര്‍ജനം, ദേശീയപാത ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്യും.
പ്രശ്‌നപരിഹാരം വേഗത്തിലാക്കാനാണ് മേഖലാ യോഗങ്ങള്‍ ചേരുന്നത്. 14 ജില്ലകളില്‍ നിന്നായി 260 വിഷയങ്ങള്‍ അവലോകന യോഗത്തിലേക്ക് തിരഞ്ഞെടുത്തു. 241 വിഷയങ്ങള്‍ ജില്ലാതലത്തില്‍ത്തന്നെ പരിഹരിക്കും. മാലിന്യ നിര്‍മ്മാര്‍ജനത്തിന് അവബോധം സൃഷ്ടിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. 2025 നവംബര്‍ ഒന്നിന് മുന്‍പ് സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമാക്കും. 2024ല്‍ അതിദാരിദ്ര്യ നിര്‍മ്മാര്‍ജനം 93 ശതമാനം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads