ചെന്നൈ: ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസില്‍ ഇഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് വൈദ്യുതി എക്‌സൈസ് മന്ത്രി വി.സെന്തില്‍ ബാലാജിയെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഈ മാസം 28 വരെയാണ് റിമാന്‍ഡ്. ബാലാജി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തിയാണ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
18 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. അറസ്റ്റിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ നാടകീയ സംഭവങ്ങളുണ്ടായി. മന്ത്രി ആശുപത്രിയില്‍ പൊട്ടിക്കരയുന്ന വിഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അനുയായികളുടെ പ്രതിഷേധങ്ങളുമുണ്ടായി. തുടര്‍ന്ന് ആശുപത്രിയില്‍ കേന്ദ്രസേനയുടെ കാവല്‍ ഏര്‍പ്പെടുത്തി.
സെന്തില്‍ ബാലാജിക്ക് ജാമ്യം നല്‍കണമെന്ന ഡിഎംകെയുടെ ഹര്‍ജി പരിഗണിച്ച ചെന്നൈ സെഷന്‍സ് കോടതി വിധിപറയാന്‍ മാറ്റി. അറസ്റ്റ് റദ്ദാക്കണമെന്നും സെന്തിലിന് സമന്‍സോ നോട്ടിസോ നല്‍കിയിരുന്നില്ലെന്നും ഡിഎംകെ കോടതിയെ അറിയിച്ചു.
ബാലാജിയുടെ ഭാര്യയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി: ഹൈക്കോടതി ജഡ്ജി പിന്മാറി
ഇതിനിടെ ബാലാജിയുടെ ഭാര്യ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റീസ് ആര്‍. ശക്തിവേല്‍ പിന്മാറി. ജസ്റ്റീസുമാരായ എം. സുന്ദര്‍, ആര്‍. ശക്തിവേല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിലാണ് സെന്തില്‍ ബാലാജിയുടെ ഭാര്യ എസ്. മേഘലയുടെ ഹര്‍ജി പരിഗണനയ്ക്ക് വന്നത്. ജസ്റ്റീസ് എം. സുന്ദറാണ്, തന്റെ സഹജഡ്ജിക്ക് കേസ് കേള്‍ക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും ജസ്റ്റീസ് ആര്‍. ശക്തിവേല്‍ പിന്മാറുകയാണെന്നും അറിയിച്ചത്. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് സീനിയര്‍ കോണ്‍സല്‍ എന്‍.ആര്‍. ഇളങ്കോ ആവശ്യപ്പെട്ടിരുന്നു.
ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലാണ് സെന്തില്‍ ബാലാജിയെ ഇ.ഡി. അറസ്റ്റ് ചെയ്തത്.മന്ത്രിയുടെ വീട്ടിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും റെയ്ഡിനും 18 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനും പിന്നാലെയായിരുന്നു അറസ്റ്റ്.
ജയലളിതയുടെ ഭരണകാലത്ത് 2011 മുതല്‍ 2015 വരെ ഗതാഗതമന്ത്രിയായിരുന്ന സെന്തില്‍ ബാലാജി പിന്നീട് ഡി.എം.കെ.യില്‍ ചേരുകയായിരുന്നു. കഴിഞ്ഞമാസം ബാലാജിയുമായി ബന്ധപ്പെട്ട നാല്‍പ്പതോളം ഇടങ്ങളില്‍ എട്ടുദിവസം തുടര്‍ച്ചയായി ആദായനികുതി റെയ്ഡ് നടന്നിരുന്നു.