ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്നും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം തകര്‍ക്കുമെന്നും ഇ മെയിലില്‍ ഭീഷണി. ജയിലില്‍ കഴിയുന്ന ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്ണോയിയെ വിട്ടയയ്ക്കണമെന്നും 500 കോടി രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കേന്ദ്ര ഏജന്‍സിക്ക് ഇ മെയില്‍ സന്ദേശം ലഭിച്ചത്. 'ലോറന്‍സ് ബിഷ്ണോയിയെ മോചിപ്പിക്കുകയും 500 കോടി രൂപ നല്‍കുകയും ചെയ്തില്ലെങ്കില്‍ നരേന്ദ്ര മോദിയേയും നരേന്ദ്ര മോദി സ്റ്റേഡിയവും ഞങ്ങള്‍ തകര്‍ക്കും. എല്ലാം ഹിന്ദുസ്ഥാനിലാണ് വില്‍ക്കുന്നത്. അതിനാല്‍ ഞങ്ങള്‍ക്കും ചിലതൊക്കെ വാങ്ങണം. നിങ്ങള്‍ എത്ര മുന്‍കരുതല്‍ എടുത്താലും ഞങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കില്ല. നിങ്ങള്‍ക്ക് സംസാരിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഈ മെയിലില്‍ പറഞ്ഞതുപോലെ ചെയ്യുക' എന്നാണ് ഇ മെയില്‍ സന്ദേശം. ഇതോടെ ദേശീയ അന്വേഷണ ഏജന്‍സി മുംബൈ പൊലീസ്, ഗുജറാത്ത് പൊലീസ് പ്രധാനമന്ത്രിയുടെ സുരക്ഷാ സമിതി എന്നിവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി. ഇമെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചു. വാങ്കഡെ സ്റ്റേഡിയത്തില്‍ അഞ്ച് ലോകകപ്പ് മാച്ച് നടക്കുന്നതിനാല്‍ മുംബൈ പൊലീസ് സുരക്ഷ ശക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. 2014 മുതല്‍ ബിഷ്ണോയി ജയിലിലാണ്.ജയിലിലിരുന്നും ഇയാള്‍ കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്കി. പഞ്ചാബി ഗായകന് സിദ്ദു മൂസവാലയെ കൊലപ്പെടുത്തിയതിലുള്‍പ്പെടെ ബിഷ്ണോയിക്ക് പങ്കുണ്ട്. നടന് സല്മാന് ഖാനെതിരെയും ബിഷ്ണോയി ഭീഷണി മുഴക്കിയിരുന്നു.