ചലച്ചിത്ര നിര്‍മ്മാതാവ് ഷിര്‍ദ്ദിസായി ക്രിയേഷന്‍സ് പി.കെ.ആര്.പിള്ള അന്തരിച്ചു
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തൃശൂര്‍ പീച്ചിക്കടുത്ത് മന്ദന്‍ചിറയിലെ വസതിയിലായിരുന്നു അന്ത്യം. ഏറെ നാളായി സിനിമയില്‍ നിന്ന് വിട്ടുനിന്ന അദ്ദേഹം സ്വവസതിയില്‍ വിശ്രമത്തില്‍ കഴിയുകയായിരുന്നു. അവസാനകാലത്ത് ഓര്‍മ്മക്കുറവും ഉണ്ടായിരുന്നു. 1984-ല്‍ വെപ്രാളം എന്ന ചിത്രം നിര്‍മ്മിച്ചാണ് പി.കെ. രാമചന്ദ്രന് പിള്ള എന്ന പി.കെ.ആര് പിള്ള സിനിമാരംഗത്തേയ്ക്ക് കടന്നുവന്നത്. പതിനാറ് ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും എട്ടുചിത്രങ്ങള്‍ വിതരണം നടത്തുകയും ചെയ്തു. എണ്‍പതുകളില്‍ മോഹന്‍ലാലിന്റെ താരമൂല്യം കുത്തനെ ഉയര്‍ത്തിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവായിരുന്നു പി.കെ.ആര് പിള്ള. ശോഭരാജ്, അമൃതംഗമയ, ചിത്രം, വന്ദനം, അര്‍ഹത, കിഴക്കുണരും പക്ഷി, അഹം, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ തുടങ്ങിയവയാണ് നിര്‍മ്മിച്ച ശ്രദ്ധേയ ചിത്രങ്ങള്‍.
ഏഴുമുതല്‍ ഒമ്പതുവരെ, ജാലകം, വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ, വിഷ്ണുലോകം, എന്നും സംഭവാമി യുഗേ യുഗേ, അച്ഛനുറങ്ങാത്ത വീട് എന്നിവയാണ് വിതരണം ചെയ്ത ചിത്രങ്ങള്‍. ഇതില്‍ ഏഴുമുതല്‍ ഒമ്പതുവരെ നിര്‍മ്മിച്ചതും അദ്ദേഹം തന്നെയായിരുന്നു. 2002-ല്‍ പുറത്തിറങ്ങിയ പ്രണയമണിത്തൂവല്‍ ആണ് നിര്‍മ്മിച്ച അവസാനചിത്രം. രമയാണ് ഭാര്യ. രാജേഷ്, പ്രീതി, സോനു, അന്തരിച്ച നടന് സിദ്ധു എന്നിവര്‍ മക്കളാ. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിദ്ധുവിനെ 2018-ല്‍ ഗോവയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.