ആശുപത്രി സംരക്ഷണ നിയമഭേഗതി ഓര്‍ഡിനന്‍സ് മന്ത്രിസഭ ഇന്ന് അംഗീകരിക്കും
ആരോഗ്യപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുന്നതും അസഭ്യം പറയുന്നതും അധിക്ഷേപിക്കുന്നതും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും. കുറഞ്ഞ ശിക്ഷ ആറ് മാസം തടവും ഉയര്‍ന്ന ശിക്ഷ ഏഴ് വര്‍ഷം വരെ തടവുമായിരിക്കും. നാശനഷ്ടങ്ങള്‍ക്ക് ആറിരട്ടി വരെ പിഴയിടാക്കുന്നതും പരിഗണനയിലുണ്ട്. നഴ്സിംഗ് കോളേജുകള്‍ ഉള്‍പ്പടെയുള്ള മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിയമത്തിന്റെ സംരക്ഷണമുണ്ടാകും. സമയബന്ധിത നിയമനടപടികള്‍ക്ക് വ്യവസ്ഥയുണ്ടാകും. നിയമഭേദഗതിക്ക് ഡോ.വന്ദനയുടെ പേരിടണമെന്നാണ് ഡോക്ടര്‍മാരുടെ സംഘടനകളുടെ മറ്റൊരാവശ്യം. സുരക്ഷാ ജീവനക്കാര്‍, ക്ലറിക്കല്‍ ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരെ വരെ നിയമപരിരക്ഷയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇവരില്‍, ആശുപത്രികളിലെ സുരക്ഷാ ജീവനക്കാരെയും പരിശീലനത്തിന് എത്തുന്നവരെയും ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധിയിലേക്ക് ചേര്‍ക്കാനാണ് ആലോചന. അതിക്രമങ്ങളില്‍ അന്വേഷണം നടത്തി വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.