കൊച്ചി: സംസ്ഥാനത്തെ റോഡുകളില്‍ എ.ഐ കാമറ സ്ഥാപിച്ച കരാറുകാര്‍ക്ക് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ പണം നല്‍കരുതെന്ന് കേരളഹൈക്കോടതി. ചീഫ് ജസ്റ്റീസ് എസ്.വി.എന്‍.ഭട്ടി, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നും എ ഐ കാമറകള്‍ സ്ഥാപിച്ചതുസംബന്ധിച്ച മുഴുവന്‍ നടപടികളും പരിശോധിക്കണമെന്നും നിരീക്ഷിച്ച ഡിവിഷന്‍ ബഞ്ച് ഹര്‍ജിക്കാരെ പ്രശംസിക്കുകയും ചെയ്തു. കാമറ ഇടപാടിലെ അഴിമതിയെക്കുറിച്ച് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. പദ്ധതിയുമായി ബന്ധപ്പെട്ട വിശദസത്യവാങ്മൂലം നല്‍കുന്നതിന് ഹര്‍ജിക്കാര്‍ക്ക,് കോടതി രണ്ടാഴ്ച സമയം നല്‍കി. സംസ്ഥാനസര്‍ക്കാരും രണ്ടാഴ്ചയക്കകം എതിര്‍സത്യവാങ്മൂലം നല്‍കണം. കേസ് ഇനി മൂന്നാഴ്ചയ്ക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും.