Header ads

CLOSE

ഏഷ്യന്‍ ഗെയിംസ്: സ്‌ക്വാഷിലും ടെന്നീസിലും സ്വര്‍ണ്ണം; 10,000 മീറ്ററില്‍ വെള്ളിയും വെങ്കലവും

ഏഷ്യന്‍ ഗെയിംസ്: സ്‌ക്വാഷിലും  ടെന്നീസിലും സ്വര്‍ണ്ണം; 10,000 മീറ്ററില്‍ വെള്ളിയും വെങ്കലവും

ഹാങചോ: 2023 ഏഷ്യന്‍ ഗെയിംസില്‍ സ്‌ക്വാഷ് ഫൈനലില്‍ പാകിസ്ഥാനെ 2-1ന് കീഴടക്കി ഇന്ത്യന്‍ പുരുഷ ടീം 10-ാം സ്വര്‍ണം സ്വന്തമാക്കി. വെറ്ററന്‍ താരം സൗരവ് ഘോഷാലും യുവതാരം അഭയ് സിംഗുമാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. നേരത്തെ മിക്‌സഡ് ഡബിള്‍സ് ടെന്നീസില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-ഋതുജ ഭോസാലെ സഖ്യം സ്വര്‍ണം നേടിയിരുന്നു. ഫൈനലില്‍ ചൈനീസ് തായ്‌പേയിയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വര്‍ണം നേടിയത്. പുരുഷന്‍മാരുടെ 10,000 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ കാര്‍ത്തിക്ക് കുമാര്‍ വെള്ളിയും ഗുല്‍വീര്‍ സിംഗ് വെങ്കലവും നേടി. 28 മിനിറ്റ് 15.38 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് കാര്‍ത്തിക്ക് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. 28 മിനിറ്റ് 17.21 സെക്കന്‍ഡിലായിരുന്നു ഗുല്‍വീറിന്റെ ഫിനിഷ്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 38 ആയി. നിലവില്‍ 10 സ്വര്‍ണവും 14 വെള്ളിയും 14 വെങ്കലവുമടക്കം നാലാം സ്ഥാനത്താണ് ഇന്ത്യ.
10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം മത്സരത്തില്‍ ഇന്ത്യയുടെ സരബ്ജോത് സിങ്-ദിവ്യ ടി.എസ് സഖ്യം വെള്ളി നേടി. ഫൈനലില്‍ ചൈനയോടാണ് ഇന്ത്യന്‍ ടീം പരാജയപ്പെട്ടത്. ഷൂട്ടിംഗില്‍ നിന്ന് ഇന്ത്യ സ്വന്തമാക്കുന്ന 19-ാം മെഡലാണിത്. ബോക്‌സിംഗ് റിംഗില്‍ നിന്ന് ഇന്ത്യ മൂന്ന് മെഡലുറപ്പിച്ചു.
വനിതകളുടെ 54 കിലോ വിഭാഗം ബോക്സിങ്ങില്‍ ഇന്ത്യ മെഡലുറപ്പിച്ചു. ഇന്ത്യന്‍ യുവതാരം പ്രീതി പന്‍വാര്‍ സെമിയിലെത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ കസാഖ്സ്ഥാന്‍ താരം ഷായ്ന ഷെക്കര്‍ബെക്കോവയെ തകര്‍ത്താണ് പ്രീതി അവസാന നാലിലെത്തിയത്. 4-1 എന്ന സ്‌കോറിനാണ് താരത്തിന്റെ വിജയം. വെറും 18 വയസ്സ് മാത്രമാണ് പ്രീതിയുടെ പ്രായം.

വനിതകളുടെ 75 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ലോകചാമ്പ്യന്‍ ലവ്‌ലിന ബോര്‍ഗോഹെയ്‌നും സെമിയിലെത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലവ്ലിന ദക്ഷിണ കൊറിയയുടെ സുയിയോണ്‍ സിയോങ്ങിനെ കീഴടക്കിയാണ്  സെമിയിലെത്തിയത്. സ്‌കോര്‍ 5-0. ഈ ഇനത്തിലെ ഇന്ത്യയുടെ സ്വര്‍ണമെഡല്‍ പ്രതീക്ഷയാണ് ലവ്‌ലിന.
പുരുഷന്‍മാരുടെ 91 കിലോ വിഭാഗത്തില്‍ നരേന്ദറും അവസാന നാലിലെത്തി. ക്വാര്‍ട്ടറില്‍ ഇറാന്റെ ഇമാനെ 5-0ത്തിനാണ് നരേന്ദര്‍ പരാജയപ്പെടുത്തിയത്.
ലോംഗ്ജമ്പില്‍ മുരളി ശ്രീശങ്കറും 1500 മീറ്റര്‍ ഓട്ടത്തില്‍ ജിന്‍സണ്‍ ജോണ്‍സണും ഫൈനലിലെത്തി. ലോംഗ്ജമ്പില്‍ മറ്റൊരു ഇന്ത്യന്‍ താരമായ ജസ്വിന്‍ ആല്‍ഡ്രിനും 1500 മീറ്ററില്‍ അജയ് കുമാറും ഫൈനലിലെത്തിയിട്ടുണ്ട്. ആദ്യ ശ്രമത്തില്‍ തന്നെ 7.97 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ശ്രീശങ്കര്‍ ഫൈനലിലെത്തിയത്. ജസ്വിന്‍ മൂന്നാം ശ്രമത്തില്‍ 7.67 മീറ്റര്‍ ദൂരം ചാടി ഫൈനലിന് യോഗ്യത നേടി.
പുരുഷന്‍മാരുടെ ഹോക്കിയില്‍ പാക്കിസ്ഥാനെ  രണ്ടിനെതിരെ പത്തു ഗോളുകള്‍ക്ക് ഇന്ത്യ തകര്‍ത്തു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ് നാലു ഗോളുകള്‍ നേടിയപ്പോള്‍ വരുണ്‍ കുമാര്‍ രണ്ടുതവണ ലക്ഷ്യം കണ്ടു മന്‍ദീപ് സിംഗും സുമിതും ഷംഷീര്‍ സിംഗും എല്‍കെ ഉപാധ്യായും പട്ടിക തികച്ചു.  

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads