കൊല്ലം: രാത്രി മദ്യപിച്ചെത്തി അയല്‍വീട്ടിലെത്തി വഴക്കുണ്ടാക്കിയ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ സ്വഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചിതറ ചല്ലിമുക്ക് സൊസൈറ്റിജംഗ്ഷനില്‍ അഭിലാഷ് ഭവനില്‍ ആദര്‍ശി(21)നെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുക്കളയോട് ചേര്‍ന്നുളള മുറിയിലാണ് മൃതദേഹം കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആദര്‍ശിന്റെ അച്ഛനെയും അമ്മയെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി മദ്യപിച്ച് അടുത്ത വീട്ടിലെത്തി ബഹളം വച്ച ആദര്‍ശിനെ മാതാപിതാക്കളും മറ്റും അനുനയിപ്പിച്ച് വീട്ടില്‍ എത്തിച്ചു. തുടര്‍ന്ന് ആദര്‍ശ് വീട്ടുകാരുമായും വഴക്കിട്ടതായി പൊലീസ് പറയുന്നു. ആദര്‍ശിന്റെ മൃതദേഹത്തില്‍ പരിക്കുകളും കഴുത്തില്‍ എന്തോ മുറുക്കിയ പാടുമുണ്ടെന്നും കഴുത്തു മുറുക്കി കൊലപ്പെടുത്തിയതാണോയെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.