പുനലൂര്‍:ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പുനലൂരില്‍ താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന് സെന്റര്‍ അനുവദിച്ചതായി പി എസ്. സുപാല്‍ എം എല്‍എ അറിയിച്ചു. കഴിഞ്ഞ പ്രളയകാലത്ത് പുനലൂര്‍ നിയോജക മണ്ഡലത്തിലുണ്ടായ പ്രകൃതി ദുരന്തം കണക്കിലെടുത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഓഫീസും അനുബന്ധക്രമീകരണങ്ങളും ആവശ്യമാണെന്ന് കാട്ടി റവന്യൂ മന്ത്രിക്ക് പി എസ് സുപാല്‍ നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പരിശീലനം ലഭിച്ച സന്നദ്ധപ്രവര്‍ത്തകര്‍ എമര്‍ജന്‍സി ഓപ്പറേഷന് സെന്ററിലുണ്ടാകും. താലൂക്ക് തല രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇനി തഹസില്‍ദാരുടെ നേതൃത്വത്തില്‍ എമര്‍ജന്‍സി ഓപ്പറേഷന് സെന്ററുകള്‍ വഴി നിയന്ത്രിക്കുമെന്ന് ഡെപ്യൂട്ടി കളക്ടര്‍ (ഡിസാസ്റ്റര്‍ മാനേജ്മെന്റ്) എം.വി. കൃഷ്ണന്‍കുട്ടി പറഞ്ഞു. ഓരോ കേന്ദ്രത്തിനും ആവശ്യമായ രക്ഷാ ഉപകരണങ്ങള്‍ ഏപ്രിലോടെ സജ്ജമാകും. ഓട്ടോമാറ്റിക് അലര്‍ട്ട് സിസ്റ്റം ഈ സെന്ററുകളിലുണ്ടാകും. മലയോര മേഖലകളില്‍ രക്ഷാപ്രവര്‍ത്തകരെ സജ്ജമാക്കും. ഇത്തരത്തില്‍ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും സന്നദ്ധ സംഘടനാ നേതാക്കള്‍ക്കും വിദഗ്ധ ഏജന്‍സികളുടെ കീഴില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കും.