കര്‍ണാടക മുഖ്യമന്ത്രി: തീരുമാനം നീളുന്നു
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയും കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാറും തമ്മിലുള്ള വടംവലിയാണ് മുഖ്യമന്ത്രി നിര്‍ണയം അനിശ്ചിതത്വത്തിലാക്കിയത്. ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടന്ന തിരക്കിട്ട ചര്‍ച്ചകള്‍ക്കൊടുവില്‍ നേതാക്കള്‍ക്കിടയില്‍ ധാരണ രൂപപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
സിദ്ധരാമയ്യയും ശിവകുമാറും തങ്ങളുടെ ആവശ്യങ്ങള്‍ ഖാര്‍ഗയെ അറിയിച്ചതായാണ് വിവരം. 'മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കില്‍ സാധാരണ എം.എല്‍.എ. ആയി പ്രവര്‍ത്തിക്കും' എന്ന് ഡി.കെ. ഖാര്‍ഗെയോട് പറഞ്ഞതായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ടേം വ്യവസ്ഥയില്‍ മുഖ്യമന്ത്രി സ്ഥാനം ഇരുവര്‍ക്കും നല്‍കാം എന്ന തീരുമാനത്തില്‍ എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ആദ്യ രണ്ട് വര്‍ഷം സിദ്ധരാമയ്യയും അടുത്ത മൂന്ന് വര്‍ഷം ഡി.കെയും എന്ന ഫോര്‍മുലയുമാണ് നേതൃത്വം മുന്നോട്ടുവച്ചിരിക്കുന്നത്. അതേസമയം, വ്യവസ്ഥയില്‍ ഉപമുഖ്യമന്ത്രി പദം, ആഭ്യന്തരം ഉള്‍പ്പെടെയുള്ള പ്രധാന വകുപ്പുകള്‍ ഡി.കെ. ആവശ്യപ്പെട്ടതായാണ് സൂചന. തനിക്കൊപ്പമുള്ള ആളുകള്‍ക്ക് മന്ത്രിസഭയില്‍ സ്ഥാനം വേണമെന്നും അദ്ദേഹം നിലപാടെടുത്തിട്ടുണ്ട്. ഇത്തരത്തില്‍ മുഖ്യമന്ത്രി പദം പങ്കുവയ്ക്കുന്നുണ്ടെങ്കില്‍ ടേം വ്യവസ്ഥ കര്‍ശനമായും പാലിക്കണമെന്ന് ഡി.കെ. ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവയില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല. ഖാര്‍ഗയെ കണ്ട ശേഷം സിദ്ധരാമയ്യയും ഡി.കെയും മാദ്ധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.
ഇരുവരേയും കേട്ട മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഈ ചര്‍ച്ചയ്ക്ക് ശേഷം അന്തിമ തീരുമാനം ഇന്ന് ബംഗളൂരുവില്‍ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ഒരുങ്ങുന്നതെന്ന് വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഡി.കെയുടെ പേരിലുള്ള കേസുകള്‍ ഡി.കെയെ മുഖ്യമന്ത്രിയാക്കുന്നതില്‍ നിന്ന് കേന്ദ്ര നേതൃത്വത്തെ പിന്നോട്ട് വലിക്കുന്നതായും ചില രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് നീണ്ടുപോകുന്ന ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍നിന്നടക്കം വിമര്‍ശനങ്ങള്‍ക്കും കാരണമാകുന്നുണ്ട്. നിലവിലെ സാഹചര്യം മുതലെടുത്ത് ബി.ജെ.പിയും സമൂഹ മാദ്ധ്യമങ്ങളില്‍ വിമര്‍ശനം ആരംഭിച്ചിട്ടുണ്ട്.