കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വീഴ്ചയും ദുഷ്പ്രവണതകളുമുണ്ടായെങ്കിലും ആര്‍ക്കെതിരെയും നടപടി വേണ്ടെന്ന് സിപിഎം തീരുമാനം. തൃക്കാക്കരയിലെ പരാജയത്തെക്കുറിച്ച് എ.കെ.ബാലനും ടി.പി.രാമകൃഷ്ണനും അംഗങ്ങളായ അന്വേഷണ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ എറണാകുളം ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തശേഷമാണ് തീരുമാനം. ചില ദുഷ്പ്രവണതകള്‍ കണ്ടെന്നും മേലില്‍ ആവര്‍ത്തിക്കരുതെന്നുമുള്ള സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ താക്കീതിലൊതുങ്ങി കാര്യങ്ങള്‍. സ്ഥാനാര്‍ത്ഥിനിര്‍ണയത്തിലെ പാളിച്ചകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടില്‍ ജില്ലാ നേതൃത്വത്തിനെതിരെയും സംസ്ഥാന കമ്മിറ്റിയിലെ ചില അംഗള്‍ക്കെതിരെയും പരാമര്‍ശമുണ്ടായിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആര്‍ക്കെതിരെയും നടപടി സ്വീകരിക്കേണ്ടെന്ന് ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും തീരുമാനിക്കുകയായിരുന്നു.