തകര്‍ന്ന റോഡിലെ ദുഷ്‌കരയാത്ര
കൊല്ലം: പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയയുമായി കാല്‍നടയാത്രപോലും ദുഷ്‌കരമായ കൂട്ടിക്കട റെയില്‍വേ ഗേറ്റ് റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് പ്രൊട്ടക്ട് ടീം കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് കാലങ്ങളായി. നിരവധി സ്‌കൂളുകളിലേയ്ക്കും സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പോകുന്ന ഈ പാതയാകെ കുഴികളായി മാറിയിരിക്കുകയാണ്. മഴ പെയ്താല്‍പ്പിന്നെ വെള്ളം കെട്ടിക്കിടക്കുന്ന കുഴികളുടെ ആഴമറിയാതെ ഇരുചക്ര വാഹനയാത്രക്കാര്‍ വീണ് പരിക്കേല്‍ക്കുന്നതും സാധാരണമാണ്. റോഡ് അറ്റകുറ്റപ്പണി ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് ചൈല്‍ഡ് പ്രൊട്ടക്ട് ടീം കൊല്ലം ജില്ലാ പ്രസിഡന്റ് ഷിബു റാവുത്തര്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അനിതാ സുനില്‍, ജില്ലാ സെക്രട്ടറി ഖുറൈശി, ട്രഷറര്‍ വിമല രാജു, വൈസ് പ്രസിഡന്റുമാരായ റോയല്‍ സമീര്‍, ബര്‍ക്കത്ത് സക്കീര്‍ ഹുസൈന്‍, സാമൂഹ്യപ്രവര്‍ത്തകരായ അന്‍സര്‍ കൊട്ടിയം, റോയി സെബാസ്റ്റ്യന്‍, വില്‍ഫ്രഡ്, പ്രേംലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കി.