കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ വ്യാജ പുരാവസ്തു തട്ടിപ്പുകേസിലെ മൂന്നാം പ്രതി മുന്‍ ഐജി എസ്.സുരേന്ദ്രനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ചിന്റെ കളമശേരി ഓഫീസില്‍ എഴുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആര്‍.റസ്റ്റമിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനാല്‍ അറസ്റ്റിന് ശേഷം വിട്ടയച്ചു.
കേസിലെ രണ്ടാം പ്രതിയും കെപിസിസി പ്രസിഡന്റുമായ കെ.സുധാകരനെയും സമാന സാഹചര്യത്തില്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ഈ കേസില്‍ നാലാം പ്രതി ഐജി ജി.ലക്ഷ്മണിനെ അടുത്ത ദിവസം ചോദ്യം ചെയ്‌തേക്കും. യാക്കൂബ് പുറായില്‍, എം.ടി. ഷമീര്‍, സിദ്ദീഖ് പുറായില്‍, അനൂപ് വി.അഹമ്മദ്, സലിം എടത്തില്‍, ഷാനിമോന്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണു അറസ്റ്റ്. കെ.സുധാകരന്‍, ജി.ലക്ഷ്മണ്‍, എസ്.സുരേന്ദ്രന്‍ എന്നിവര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് മോന്‍സണ് വന്‍തുക കൈമാറിയതെന്നാണ് പരാതിക്കാരുടെ ആരോപണം.