ന്യൂഡല്‍ഹി:ഗണപതിയും അള്ളാഹുവും വിശ്വാസ പ്രമാണങ്ങളുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഗണപതി മിത്താണെന്ന് താനോ സ്പീക്കര്‍ എഎന്‍ ഷംസീറോ പറഞ്ഞിട്ടില്ല. വിശ്വാസപ്രമാണങ്ങളെ മിത്താണെന്ന് പറയേണ്ട കാര്യമില്ല. പരശുരാമന്‍ മഴു എറിഞ്ഞ് കേരളം ഉണ്ടാക്കിയെന്നത് മിത്താണ്. വിശ്വാസികള്‍ വിശ്വാസത്തിന്റെ ഭാഗമായി അള്ളാഹുവിലും ഗണപതിയിലും വിശ്വസിക്കുന്നു. അതാരും ചോദ്യം ചെയ്തിട്ടില്ല. കള്ള പ്രചാരവേലകളാണ് നടക്കുന്നതെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗണപതി മിത്താണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു. വിവാദത്തില്‍ വിഡി സതീശനും കെ സുരേന്ദ്രനും ഒരേ നിലപാടാണെന്ന് എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. സിപിഎം വര്‍ഗീയ ധ്രുവീകരണം നടത്തുന്നെന്ന ആരോപണം അസംബന്ധമാണ്. സതീശന്റെ മനസ്സിനുള്ളില്‍ വിചാരധാരയുമായി ബന്ധപ്പെട്ട ചിന്തകള്‍ അറിഞ്ഞോ അറിയാതെയോ ഉണ്ട്. തൃശൂരില്‍ എന്‍വി വൈശാഖനെതിരെ ഒരു നടപടിയും പാര്‍ട്ടി എടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ചാനലും പത്രവും നോക്കി മറുപടി പറയാന്‍ പറ്റില്ലെന്നും പറഞ്ഞു.