ന്യൂഡല്‍ഹി: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഡല്‍ഹിയിലെത്തി. മൂന്ന് വര്‍ഷത്തിനുശേഷമാണ് അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയിലെത്തിയത്. ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. ജെറ്റ് എന്‍ജിന്‍ കരാര്‍, പ്രിഡേറ്റര്‍ ഡ്രോണ്‍ കരാര്‍, 5 ജി, 6 ജി സ്‌പെക്ട്രം, സിവില്‍ ന്യൂക്ലിയര്‍ മേഖലയിലും നൂതന സാങ്കേതിക വിദ്യയിലുമുള്ള സഹകരണം തുടങ്ങിയ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്യുമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ അറിയിച്ചു. ഇന്ത്യയില്‍നിന്ന് അറബ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും റെയില്‍ പദ്ധതി നടപ്പാക്കുന്നത് സാമ്പത്തിക നേട്ടമുണ്ടാക്കും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യം വ്യക്തമാക്കാന്‍ ഇപ്പോള്‍ സാധിക്കില്ലെന്ന് സള്ളിവന്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ ഒരുമിച്ച് കൈകാര്യം ചെയ്യേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രാജ്യങ്ങള്‍ മുന്നോട്ടുവരണമെന്നും സള്ളിവന്‍ പറഞ്ഞു.