Header ads

CLOSE

ആശയവിനിമയം നഷ്ടമായതിന് പിന്നാലെ തന്നെ ടൈറ്റന്‍ പൊട്ടിത്തെറിച്ച് 5 പേരും മരിച്ചു: ശബ്ദം പിടിച്ചെടുത്തിരുന്നതായി യുഎസ്

ആശയവിനിമയം നഷ്ടമായതിന്  പിന്നാലെ തന്നെ  ടൈറ്റന്‍ പൊട്ടിത്തെറിച്ച്  5 പേരും മരിച്ചു:  ശബ്ദം പിടിച്ചെടുത്തിരുന്നതായി യുഎസ്

വാഷിങ്ടന്‍: യാത്ര ആരംഭിച്ച് മണിക്കൂറുകള്‍ക്കകം തന്നെ ടൈറ്റന്‍ സമുദ്രപേടകം പൊട്ടിത്തെറിച്ച് അതിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചിരുന്നതായി റിപ്പോര്‍ട്ട്. ടൈറ്റാനിക് അവശിഷ്ടങ്ങള്‍ കാണുന്നതിന് അഞ്ചു പേരുമായി പുറപ്പെട്ട്,  അറ്റ്‌ലാന്റിക്കില്‍ അപ്രത്യക്ഷമായ ടൈറ്റന്‍ സമുദ്രപേടകം പൊട്ടിത്തെറിക്കുന്ന ശബ്ദം യുഎസ് നാവികസേന പിടിച്ചെടുത്തിരുന്നതായാണ് വിവരം. മാതൃപേടകമായ പോളാര്‍ പ്രിന്‍സ് കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതിന് തൊട്ടുപിന്നാലെ തന്നെ പേടകം പൊട്ടിത്തെറിക്കുന്ന ശബ്ദം യുഎസ് നാവികസേനയുടെ രഹസ്യ നിരീക്ഷണ സംവിധാനത്തില്‍ ലഭ്യമായിരുന്നുവെന്ന് അമേരിക്കന്‍ മാദ്ധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. 
ശബ്ദരേഖ സേന വിശദമായി വിശകലനം ചെയ്തപ്പോള്‍ പൊട്ടിത്തെറിക്കോ ഉള്‍വലിഞ്ഞുള്ള സ്‌ഫോടനത്തിനോ സമാനമായ എന്തോ നടന്നതായി വ്യക്തമായി. ആശയവിനിമയം നഷ്ടപ്പെടുമ്പോള്‍ ടൈറ്റന്‍ പ്രവര്‍ത്തിച്ചിരുന്ന പരിസരത്തുനിന്നാണ് ശബ്ദം വന്നതെന്ന് വിശകലത്തില്‍ വ്യക്തമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

titan-death
ടൈറ്റന്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരും പേടകത്തിന്റെ മുന്‍ഭാഗവും  

ശക്തമായ മര്‍ദ്ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് പൊട്ടിയതാണെന്ന നിഗമനത്തിലാണ് അധികൃതര്‍. ടൈറ്റനു വേണ്ടി ശബ്ദതരംഗാധിഷ്ഠിതമായ സോണര്‍ ബോയ് സംവിധാനമുപയോഗിച്ച് കനേഡിയന്‍ വിമാനം നടത്തിയ തിരച്ചലില്‍ കടലില്‍ നിന്നുള്ള മുഴക്കം ലഭിച്ചിരുന്നു. ഇതു കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള അന്വേഷണം. വിക്ടര്‍ 6000 റോബോട്ട് സമുദ്രോപരിതലത്തില്‍നിന്ന് 4 കിലോമീറ്റര്‍ താഴെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെയാണ് പേടകം തകര്‍ന്നെന്നും യാത്രക്കാര്‍ മരിച്ചെന്നും സ്ഥിരീകരിച്ചത്.
കാനഡ, യുഎസ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ വിമാനങ്ങളും കപ്പലുകളും റോബോട്ടുകളും തിരച്ചിലില്‍ ഏര്‍പ്പെട്ടിരുന്നു. 
  ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്ഷന്‍ ഏവിയേഷന്‍ കമ്പനി ചെയര്‍മാനുമായ ഹാമിഷ് ഹാര്‍ഡിംഗ്, പാകിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എന്‍ഗ്രോയുടെ വൈസ് ചെയര്‍മാനും ശതകോടീശ്വരനുമായ ഷഹ്‌സാദ ദാവൂദ്, മകന്‍ സുലൈമാന്‍, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരന്‍ പോള്‍ ഹെന്റി നാര്‍സലേ, ഓഷന്‍ ഗേറ്റ് കമ്പനി സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടന്‍ റഷ് എന്നിവരാണ് ദുരന്തത്തിനിരയായത്. 
2009ല്‍ സ്റ്റോക്ടന്‍ റഷ് സ്ഥാപിച്ച ഓഷന്‍ഗേറ്റ് കമ്പനി 2021 മുതല്‍ ടൈറ്റാനിക് പര്യവേഷണം നടത്തുന്നുണ്ട്. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 8.15നാണ് ടൈറ്റന്‍ യാത്ര തുടങ്ങിയത്. ഏഴു മണിക്കൂറിനുശേഷം തിരിച്ചെത്തേണ്ടതായിരുന്നു. എന്നാല്‍ ഏകദേശം ഒന്നരമണിക്കൂറിനുശേഷം പോളാര്‍ പ്രിന്‍സ് കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ആശയവിനിമയം നഷ്ടപ്പെട്ട വിവരം യുഎസ് കോസ്റ്റ് ഗാര്‍ഡിനെ അറിയിക്കാന്‍ എട്ടു മണിക്കൂര്‍ വൈകിയെന്നാണ് പുറത്തുവരുന്ന വിവരം. ഇക്കാര്യത്തില്‍ ദുരൂഹതയുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ പേടകത്തിന്റെ ഉടമകള്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടില്ല.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads