ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയരാകുന്ന 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ ഒക്ടോബര്‍ അഞ്ചിന് ആരംഭിച്ച് നവംബര്‍ 19ന് ഫനലോടെ സമാപിക്കും. ആദ്യ മത്സരം കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടിയ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലാണ്. ഇന്ത്യ ഒക്ടോബര്‍ എട്ടിന് ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയെ നേരിടും.
ലോകകപ്പിന് വേദിയാകുമെന്ന് കരുതിയ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പ്രധാന മത്സരങ്ങളില്ല. എന്നാല്‍ തിരുവനന്തപുരത്ത് പരിശീലന മത്സരങ്ങളുണ്ടാകും. തിരുവനന്തപുരവും ഗുവാഹാട്ടിയും ഹൈദരബാദുമാണ് പരിശീലനമത്സരങ്ങള്‍ക്കായി ഒരുങ്ങുന്നത്. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെയാണ് പരിശീലന മത്സരങ്ങള്‍.
ന്യൂസീലന്‍ഡും ഇംഗ്ലണ്ടും തമ്മിലുള്ള ടൂര്‍ണമെന്റിലെ ആദ്യ മത്സരവും നവംബര്‍ 19 ന് നടക്കുന്ന ഫൈനലും അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്. അഹമ്മദാബാദ്, ഹൈദരാബാദ്, ധരംശാല, ഡല്‍ഹി, ചെന്നൈ, ലഖ്നൗ, പുണെ, ബംഗളുരു, മുംബൈ, കൊല്‍ക്കത്ത എന്നീ 10 വേദികളിലാണ് പ്രധാന മത്സരങ്ങള്‍. അതില്‍ ഹൈദരാബാദ് പരിശീലന മത്സരങ്ങള്‍ക്കും വേദിയാകും.
ടൂര്‍ണമെന്റില്‍ 10 ടീമുകളാണ് മത്സരിക്കുന്നത്.എട്ട് ടീമുകള്‍ ഇതിനോടകം യോഗ്യത നേടി. ശേഷിക്കുന്ന രണ്ട് ടീമുകള്‍ യോഗ്യതാമത്സരം കളിച്ച് പൂളിലെത്തും. എല്ലാ ടീമുകളും മറ്റ് ഒമ്പത് ടീമുകളുമായി റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ കളിക്കും. ആദ്യ നാലില്‍ വരുന്ന ടീമുകള്‍ സെമിയിലേക്ക് മുന്നേറും.
ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം ഒക്ടോബര്‍ 15 ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്. റൗണ്ട് റോബിന്‍ പോരാട്ടങ്ങള്‍ നവംബര്‍ 12 ന് അവസാനിക്കും. ആദ്യ സെമി നവംബര്‍ 15 ന് മുംബൈയിലും രണ്ടാം സെമി 16 ന് കൊല്‍ക്കത്തയിലും നടക്കും. 2011-ലാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് അവസാനം നടന്നത്. അന്ന് ഇന്ത്യ യാണ് കിരീടം നേടിയത്.