അബിഗേല്‍ സാറ റെജിയെ പൊലീസ് പിതാവ് റെജിക്ക് കൈമാറിയപ്പോള്‍
കൊല്ലം:ഓയൂരില്‍ നിന്ന് നാലംഗ സംഘം ഇന്നലെ കാറില്‍ തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേല്‍ സാറ റെജിയെ ഇന്ന് ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഒരു നാടാകെയും ആയിരക്കണക്കിന് പൊലീസുകാരും 20 മണിക്കൂറിലധികമായി അന്വേഷിക്കുന്നതിനിടെയാണ് എല്ലാവരുടേയും കണ്ണ് വെട്ടിച്ച് കൊടും കുറ്റവാളികള്‍ കുഞ്ഞബിഗേലിനെ ആള്‍ത്തിരക്കേറെയുള്ള കൊല്ലം നഗരമദ്ധ്യത്തിലുപേക്ഷിച്ച് കടന്നത്. എസ്എന്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ് കുട്ടിയെ ആദ്യം കണ്ടത്. അവര്‍ കാണുമ്പോള്‍ കുട്ടിക്കൊപ്പം ഒരു സ്ത്രീയും ഉണ്ടായിരുന്നതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കുട്ടിയെ ആശ്രാമം മൈതാനത്ത് കണ്ടെത്തിയെന്നറിഞ്ഞ കൊല്ലം ഈസ്റ്റ് പൊലീസ് കുട്ടിയെ ആദ്യം എആര്‍ ക്യാംപിലേക്കു മാറ്റി. പിന്നാലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി കുട്ടിക്ക് ശാരീരികപ്രശ്‌നങ്ങളൊന്നുമില്ലെന്ന് സ്ഥിരീകരിച്ച ശേഷം പിതാവ് റെജിക്ക് കൈമാറി. പിന്നാലെ അബിഗേല്‍ അമ്മയുമായി വിഡിയോ കോളില്‍ സംസാരിക്കുകയും ചെയ്തു.
അബിഗേലിനെ ഇന്ന് ആശുപത്രിയില്‍ നിരീക്ഷിച്ച ശേ,ം നാളെയാകും വീട്ടിലെത്തിക്കുക. കുട്ടിയുടെ മാതാവും സഹോദരനും ആശുപത്രിയിലെത്തി.കുട്ടിയെ തട്ടിക്കൊണ്ടു പോയി, പിന്നാലെ ഉപേക്ഷിക്കുകയും ചെയ്ത് ഒരു രാത്രിയും പകലും പിന്നിട്ടിട്ടും പൊലീസിന് കുറ്റവാളികളെക്കുറിച്ച് യാതൊരു സൂചനയും ലഭിചിട്ടില്ല.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് ഓയൂര്‍ കാറ്റാടി ഓട്ടുമല റെജി ഭവനില്‍ റെജിയുടെ മകള്‍ അബിഗേല്‍ റെജിയെ തട്ടിക്കൊണ്ടുപോയത്. സ്‌കൂളില്‍ നിന്നെത്തിയതിനുശേഷം അബിഗേലും ജ്യേഷ്ഠന്‍ നാലാം ക്ലാസുകാരന്‍ ജോനാഥനും വീടിന്റെ 100 മീറ്റര്‍ അപ്പുറത്തുള്ള വീട്ടിലേക്കു ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. പിന്നാലെ നാട്ടുകാരും പൊലീസും എല്ലാവരും ചേര്‍ന്നായിരുന്നു അന്വേഷണം. സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ രേഖാചിത്രവും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. പാരിപ്പള്ളിയിലെ കടയില്‍ സ്ത്രീക്കൊപ്പം എത്തിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രമാണ് പൊലീസ് പുറത്തുവിട്ടത്. കൊല്ലം വേളമാനൂരിലൂടെയും കല്ലുവാതുക്കലിലൂടെയും കാര്‍ കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.ഇന്ന് രാവിലെ തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരത്തുനിന്ന് രണ്ടുപേരെയും ശ്രീകാര്യത്തുനിന്ന് ഒരാളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധമില്ലെന്ന് കണ്ടെത്തിയതിനാല്‍ ഇവരെ വിട്ടയച്ചു. അന്വേഷണം തുടരുന്നതിനിടെയാണ് കുട്ടിയെ ആശ്രാമം മൈതാനത്ത് കണ്ടെത്തിയത്.