കൊച്ചി: നടി അമല പോള്‍ വിവാഹിതയായി. സുഹൃത്തും പ്രമുഖ ലക്ഷ്വറി വില്ലയുടെ മാനേജരുമായ ഗോവ സ്വദേശി ജഗദ് ദേശായി ആണ് വരന്. ഇരുവരുടേയും ചിത്രങ്ങള്‍, 'ശേഷിക്കുന്ന ജീവിതത്തിലേയ്ക്ക് എന്റെ അപ്സരസിന്റെ കൈപിടിച്ച് മുന്നോട്ട്' എന്ന കുറിപ്പുമായി ജഗദ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
നേരത്തെ അമല പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവച്ച് ജഗദ് ആണ് വിവാഹത്തെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. 'മൈ ജിപ്സി ക്വീന്‍ യെസ് പറഞ്ഞു' എന്നായിരുന്നു വിഡിയോയുടെ അടിക്കുറിപ്പ്.
അമലാ പോളിന് പിറന്നാളാശംസകള്‍ നേര്‍ന്നുകൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് തങ്ങള്‍ വിവാഹിതരാവാന്‍ പോകുന്ന കാര്യം അറിയിച്ചത്. ഇരുവരും ഹോട്ടലില്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന നര്‍ത്തകരില്‍ ഒരാള്‍ ജഗദിനെ നൃത്തം ചെയ്യാന്‍ ക്ഷണിച്ചു. അവര്‍ക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെ പെട്ടെന്ന് മോതിരം എടുത്ത് അദ്ദേഹം അമലയോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. അമല സന്തോഷത്തോടെ മോതിരം സ്വീകരിക്കുന്നതും ജഗദിന് സ്നേഹ ചുംബനം നല്‍കുന്നതും ദൃശ്യത്തിലുണ്ടായിരുന്നു. വെഡിംഗ് ബെല്‍സ് എന്ന ഹാഷ്ടാഗും വിഡിയോയ്ക്കൊപ്പം ചേര്‍ത്തിരുന്നു.
മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍, അജയ് ദേവ്ഗണിന്റെ ഭോല എന്നീ സിനിമകളിലാണ് അമല അവസാനം അഭിനയിച്ചത്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതമാണ് തിയേറ്ററുകളിലെത്താനിരിക്കുന്ന അമലയുടെ ചിത്രം.