തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ സ്ഥാപിച്ച എ.ഐ കാമറ വഴി നാളെ തിങ്കളാഴ്ച (ജൂണ്‍ 5) മുതല്‍ പിഴ ചുമത്തിത്തുടങ്ങുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ഇരുചക്ര വാഹനങ്ങളില്‍ മൂന്നാമത്തെയാളായി 12 വയസില്‍ താഴെയുള്ള ഒരു കുട്ടിയെ കൊണ്ടുപോയാല്‍ തല്ക്കാലം പിഴ ഈടാക്കില്ല. കുട്ടിക്ക് നാല് വയസിന് മുകളിലുണ്ടെങ്കില്‍ ഹെല്‍മറ്റ് ധരിക്കണം. ഇളവ് ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ കത്തിന് കേന്ദ്രത്തിന്റെ മറുപടി കിട്ടുന്നത് വരെയാണ് സാവകാശം. കേന്ദ്രനിലപാട് അറിഞ്ഞ ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ കാമറകള്‍ ഉള്ള സ്ഥലത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കാമറകള്‍ ദിവസേന കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്കി. ജൂണ്‍ രണ്ടിന് മാത്രം 2,40,746 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. പൊലീസിനും എക്സൈസിനും നിരവധി കേസുകളിലെ പ്രതികളെ കണ്ടെത്താന്‍ കാമറ സഹായകമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തിങ്കളാഴ്ച രാവിലെ മുതല്‍ തന്നെ നിയമലംഘകര്‍ക്ക് ചെലാന്‍ അയയ്ക്കുന്നത് ആരംഭിക്കും. ഇവര്‍ക്ക് ആവശ്യമെങ്കില്‍, പിഴയ്ക്കെതിരെ ജില്ലാ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കാം. ചെലാന്‍ ലഭിച്ച് 14 ദിവസത്തിനകം അപ്പീല്‍ നല്‍കണം. എവിടെയാണോ നിയമലംഘനം കണ്ടെത്തിയത് അവിടത്തെ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയ്ക്കാണ് അപ്പീല്‍ നല്‍കേണ്ടത്. ഇതിനുശേഷമാണ് പിഴയൊടുക്കേണ്ടത്. രണ്ടുമാസത്തിനുള്ളില്‍ അപ്പീല്‍ നല്‍കുന്നതിന് ഓണ്‍ലൈന്‍ സംവിധാനമൊരുങ്ങും.
സംസ്ഥാനത്തെ 692 റോഡ് കാമറകളാണ് തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കുക. ദിവസവും 25,000 നോട്ടീസ് വീതമാകും അയയ്ക്കുക. ഇത് പിന്നീട് സാഹചര്യം വിലയിരുത്തി പരിഷ്ക്കരിക്കാനാണ് തീരുമാനം. തപാല്‍ വഴിയാകും നിയമലംഘനം അറിയിക്കുക. സംസ്ഥാനത്ത് ആകെ രജിസ്റ്റര്‍ ചെയ്ത ഒന്നരക്കോടിയോളം വാഹനങ്ങളില്‍ 70 ലക്ഷത്തിലധികം വാഹനങ്ങളുെടെ ഉടമകള്‍ക്കു നിയമലംഘനത്തിന്റെ ഇ ചെലാന്‍ എസ്എംഎസ് ആയി ലഭിക്കില്ല.
ഇത്രയും വാഹനങ്ങളുടെ മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐഡി തുടങ്ങിയവ മോട്ടോര്‍ വാഹനവകുപ്പിന്റെ പോര്‍ട്ടലില്‍ ഇല്ലാത്തതാണ് കാരണം.