അഞ്ചല്‍: വീട്ടമ്മയെ തീകൊളുത്തി കൊന്നശേഷം സുഹൃത്ത് ജീവനൊടുക്കിയ സംഭവത്തിന് കാരണം ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടെന്ന് പൊലീസ്. തടിക്കാട് പുളിമുക്കില്‍ പൂവണത്തുംവീട്ടില്‍ സിബിക(40) തടിക്കാട് പുളിമൂട്ടില്‍ തടത്തില്‍വീട്ടില്‍ ബിജു(47) എന്നിവര്‍ തിങ്കളാഴ്ച വൈകിട്ട് 6.30-ഓടെയാണ് മരിച്ചത്. സംഭവത്തിന് ഏതാനും സമയം മുമ്പ് ബിജു പെട്രോളുമായി സിബികയുടെ വീട്ടിലെത്തി. സിറ്റൗട്ടിലിരുന്ന സിബികയെ ഇയാള്‍ ബലമായി പിടിച്ച് വീടിനകത്ത് കൊണ്ടുപോയി വാതിലുകള്‍ അടച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. വീടിന് പുറത്തുനിന്ന കുട്ടികള്‍ ഓടിയെത്തി വീടിന്റെ ജനാലകള്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അപ്പോഴേയ്ക്കും ഇരുവരും പൊള്ളലേറ്റ് മരിച്ചിരുന്നു. മുറിയിലെ കട്ടില്‍ കത്തിയ നിലയിലായിരുന്നു. ബിജുവും സിബികയും തമ്മില്‍ ഏറെക്കാലമായി സൗഹൃദത്തിലായിരുന്നതായാണ് വിവരം. ഇരുവരുടെയും വീടുകള്‍ തമ്മില്‍ മീറ്ററുകള്‍ മാത്രമാണ് അകലം. സിബികയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. സിബികയില്‍നിന്ന് മൂന്നുലക്ഷത്തോളം രൂപ ബിജു കടം വാങ്ങിയിരുന്നതായാണ് വിവരം. ഭര്‍ത്താവ് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയപ്പോള്‍, ഭാര്യ സുഹൃത്തിന് പണം നല്‍കിയ കാര്യമറിഞ്ഞു. തുടര്‍ന്ന് പണം തിരികെ ലഭിക്കാനായി പൊലീസില്‍ പരാതി നല്‍കിയിരുന്നു. മാര്‍ച്ച് ഒന്നാംതീയതിയോടെ പണം തിരികെ കൊടുക്കാമെന്ന് ബിജുപൊലീസിനോട് സമ്മതിച്ചിരുന്നു. ഈ തീയതി അടുത്തപ്പോഴാണ് ബിജു പെട്രോളുമായെത്തി കൊലപാതകം നടത്തിയത്. തിങ്കളാഴ്ച രാത്രി പൊലീസ് സിബികയുടെ വീട് സീല്‍ ചെയ്തു. ചൊവ്വാഴ്ച രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.