കോട്ടയം:ഹൃദായാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇരട്ടയാര്‍ നത്തുകല്ല് പാറയില്‍ ജോയിയുടേയും ഷൈനിയുടേയും മകള്‍ ആന്‍ മരിയ ജോയ് (17) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഇടുക്കി സ്വദേശിയായ ആന്‍ മരിയയ്ക്ക് കഴിഞ്ഞ ജൂണില്‍ പള്ളിയിലെ കുര്‍ബാനയ്ക്കിടെയാണ് ഹൃദായഘാതമുണ്ടായത്. കട്ടപ്പന സെയ്ന്റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആന്‍ മരിയയെ എറണാകുളം ഇടപ്പള്ളിയിലെ അമൃത ആശുപത്രിയിലെത്തിച്ചിരുന്നു. പിന്നീട് ജൂലായിലാണ് കോട്ടയം കാരിത്താസിലേയ്ക്ക് മാറ്റിയത്. ആന്‍ മരിയയുമായി കട്ടപ്പനയില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ് അന്ന് രണ്ടു മണിക്കൂര്‍ 39 മിനിറ്റില്‍ ഇടപ്പള്ളിയെത്തിയത് വാര്‍ത്തയായിരുന്നു. കട്ടപ്പനയില്‍ നിന്ന് ഇടപ്പള്ളിയിലേക്കുള്ള 133 കിലോമീറ്റര്‍ ദൂരം ചുരുങ്ങിയ സമയത്തിനുള്ളില്‍ താണ്ടാന്‍ സഹായകമായത് മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലായിരുന്നു. ഫേസ്ബുക്കിലൂടെ ആംബുലന്‍സിന് വഴിയൊരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതോടെ നാട് ഒന്നടങ്കം ആന്‍ മരിയയ്ക്കായി കൈകോര്‍ത്തിരുന്നു. ഒരു നാടിന്റെ പ്രാര്‍ത്ഥന വിഫലമാക്കിയാണ് ആന്‍ മരിയയുടെ അന്ത്യമുണ്ടായത്. അമൃത ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലായിരുന്ന ആന്‍ മരിയയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു. കഴിഞ്ഞ ജൂലായിലാണ് കോട്ടയത്തേക്ക് മാറ്റിയത്. രണ്ടു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ(ഞായറാഴ്ച) പകല്‍ 2 മണിക്ക് ഇരട്ടയാര്‍ സെന്റ് തോമസ് പള്ളിയില്‍.