അഭിനവ്
കാസര്‍കോട്: എ.ഐ. കാമറ കാട്ടിക്കൊടുത്ത റൂട്ടുമാപ്പില്‍ തിരഞ്ഞ പൊലീസ് ബൈക്ക് മോഷ്ടാക്കകളില്‍ ഒരാളെ വലയിലാക്കി. കാഞ്ഞങ്ങാട്ടുനിന്ന് ബൈക്ക് മോഷ്ടിച്ച സംഘത്തില്‍ ഒരാളെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് കോഴിക്കോട് മേപ്പയ്യൂര്‍ കാരയാട്ടുനിന്ന് പിടികൂടിയത്. വി.ടി.അഭിനവാ(19)ണ് പിടിയിലായത്. ബൈക്ക് കണ്ടെത്താനായില്ല.
സംഘത്തിലെ രണ്ടാമന്‍ കോഴിക്കോട് നെടുമണ്ണൂര്‍ കോളനിയില്‍ തംബുരു എന്ന അഭിന്‍രാജ് ബൈക്കുമായി മുങ്ങിയെന്ന് അഭിനവ് പൊലീസിന് മൊഴി നല്‍കി. ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷൈജു വെള്ളൂര്‍, എന്‍.ഇബ്രാഹിംകുട്ടി എന്നിവര്‍ കാരയാട്ടെ വീട്ടിലെത്തിയാണ് അഭിനവിനെ പിടിച്ചത്. അഭിന്‍രാജിനെ തേടി ഇയാളുടെ വീട്ടിലെത്തിയപ്പോള്‍ ബൈക്ക് മോഷ്ടിച്ചശേഷം നാട്ടിലേക്ക് വന്നിട്ടില്ലെന്നാണ് പൊലീസിനു നല്‍കിയ വിവരം.
കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ ചുമട്ടുതൊഴിലാളിയും ബി.എം.എസ്. മടിക്കൈ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റുമായ മടിക്കൈ ചെമ്പിലോട്ടെ ഭാസ്‌കരന്റെ ബൈക്കാണ് ജൂണ്‍ 27-ന് പുതിയകോട്ടയിലെ പാര്‍ക്കിംഗ് കേന്ദ്രത്തില്‍ നിന്ന് മോഷണം പോയത്. എറണാകുളത്ത് പോയി മൂന്ന് ദിവസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ബൈക്ക് കാണാനില്ലെന്നായിരുന്നു ഭാസ്‌കരന്റെ പരാതി.
കഴിഞ്ഞദിവസം എ.ഐ. കാമറ വഴിയുള്ള പിഴ ഇ-ചെലാനായി ഭാസ്‌കരന് കിട്ടിയപ്പോഴാണ് പ്രതികള്‍ കോഴിക്കോട് ഭാഗത്തേ്ക്ക് പോയതായി സൂചന ലഭിച്ചത്. കാഞ്ഞങ്ങാട് മുതല്‍ കോഴിക്കോടുവരെ രണ്ടുപേര്‍ ഹെല്‍മെറ്റിടാതെ യാത്രചെയ്തപ്പോള്‍ ഒന്നിനുപിറകെ ഒന്നായി ഓരോയിടത്തെയും കാമറകളില്‍ ഇവരുടെ ചിത്രം പതിഞ്ഞു. പല സ്ഥലങ്ങളില്‍നിന്നായി 9,500 രൂപയാണ് ഭാസ്‌കരന് പിഴയായി വന്നത്.
എം.ഡി.എം.എ. വില്പനസംഘത്തിലെ കണ്ണികളാണ് അഭിനവും അഭിന്‍രാജുമെന്ന് പൊലീസ് പറയുന്നു. പേരാമ്പ്ര, ബാലുശ്ശേരി, കൂരാച്ചുണ്ട് എന്നി സ്റ്റേഷനുകളില്‍ അഭിന്‍രാജിന് കേസുകളുണ്ട്.