കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ (73) സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ നടത്തി. പാര്‍ട്ടി പ്രവര്‍ത്തകരുടെ നിലയ്ക്കാത്ത മുദ്രാവാക്യവിളികള്‍ക്കിടെ കാനത്തെ കൊച്ചുകളപ്പുരയിടം വീടിന്റെ തെക്കുവശത്തെ പുളിമരച്ചോട്ടില്‍ മകന്‍ സന്ദീപ് ആണ് ചിതയ്ക്ക് തീ കൊളുത്തിയത്.
മാതാപിതാക്കളായ വി.കെ.പരമേശ്വരന്‍ നായര്‍, ടി.കെ.ചെല്ലമ്മ എന്നിവരുടെ അന്ത്യവിശ്രമ സ്ഥലത്തിനടുത്താണ് കാനത്തിനും ചിത ഒരുക്കിയത്. മതാചാരങ്ങളൊന്നുമില്ലാതെയായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍.ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജ, മന്ത്രിമാര്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. കാനം വിടവാങ്ങിയതോടെ
സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വത്തിന് നല്‍കി. സിപിഐ ജില്ലാ കമ്മിറ്റി ഓഫീസില്‍ കെ.പി.രാജേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ബിനോയ് വിശ്വത്തെ കാനം രാജേന്ദ്രന്റെ പിന്‍ഗാമിയായി എതിരില്ലാതെ തിരഞ്ഞെടുത്തതായി ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജ പ്രഖ്യാപിച്ചു. 28ന് തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനത്തിന് അംഗീകാരം നല്‍കും. മുന്‍മന്ത്രിയായ ബിനോയ് വിശ്വം (68) കോട്ടയം വൈക്കം സ്വദേശിയാണ്.