ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തുഗ്ലക് രാജവംശത്തിലെ രണ്ടാമത്തെ സുല്‍ത്താനായ മുഹമ്മദ് ബിന്‍ തുഗ്ലക്കുമായി താരതമ്യം ചെയ്തുള്ള പോസ്റ്റര്‍ കോണ്‍ഗ്രസ് കേരള ഘടകം എക്‌സ് പ്ലാറ്റ്‌ഫോമില്‍ ഇട്ടു.'പ്രിയപ്പെട്ട പ്രധാനമന്ത്രിജീ, നിങ്ങള്‍ക്ക് പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ തുഗ്ലക് കാലഘട്ടത്തിന് പകരം നിങ്ങളുടെ കാലഘട്ടം ഉള്‍പ്പെടുത്തൂ' എന്നും പോസ്റ്റിനൊപ്പം കുറിച്ചിരുന്നു. ഇതോടെ കോണ്‍ഗ്രസിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്വി രംഗത്തെത്തി. 'കോണ്‍ഗ്രസിനെ അംഗീകരിക്കാതിരിക്കാനും നിരോധനം ഏര്‍പ്പെടുത്താനും യോഗ്യമായ കേസ്' എന്ന് അദ്ദേഹം കുറിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രാമായണത്തിലെ രാവണനായി ചിത്രീകരിച്ച് ബിജെപി സമൂഹമാദ്ധ്യത്തില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പോസ്റ്റര്‍ യുദ്ധം ആരംഭിച്ചത്. നേരത്തെ വ്യവസായി ഗൗതം അദാനിയുടെ കൈയിലെ പാവയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവതരിപ്പിച്ചും കോണ്‍ഗ്രസ് പോസ്റ്റര്‍ പങ്കുവച്ചിരുന്നു.