കൊച്ചി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയുമായ പി.പി.മുകുന്ദന്‍ (78) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. ആര്‍എസ്എസിലും ബിജെപിയിലും ചുമതലകള്‍ വഹിച്ചിരുന്ന അദ്ദേഹം നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയനായിരുന്നു. കൊച്ചിയിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ രണ്ടു മണിവരെ ഭൗതികദേഹം പൊതുദര്‍ശനത്തിനുവയ്ക്കും. രണ്ടു മണിക്കുശേഷം ജന്മനാടായ കണ്ണൂരിലേക്ക് കൊണ്ടുപോകും. കണ്ണൂര്‍ കൊട്ടിയൂര്‍ മണത്തണ കുടുംബ ശ്മശാനത്തില്‍ നാളെ വൈകിട്ട് 4നാണ് സംസ്‌കാരം.
കണ്ണൂര്‍ കൊട്ടിയൂര്‍ കൊളങ്ങരയത്ത് തറവാട്ടില്‍ കൃഷ്ണന്‍ നായരുടെയും കല്യാണിയമ്മയുടെയും രണ്ടാമത്തെ പുത്രനായി 1946 ഡിസംബര്‍ 9 നാണ് പി.പി.മുകുന്ദന്‍ ജനിച്ചത്. മണത്തല യുപി സ്‌കൂള്‍, പേരാവൂര്‍ സെന്റ് ജോസഫ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഹൈസ്‌കൂള്‍ പഠനകാലത്താണ് രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ ആകൃഷ്ടനാകുന്നത്. മണത്തലയില്‍ ആര്‍എസ്എസ് ശാഖ ആരംഭിച്ചപ്പോള്‍ സ്വയംസേവകനായി. 1965 ല്‍ കണ്ണൂര്‍ ജില്ലയില്‍ പ്രചാരകനായി. 1967 ല്‍ ചെങ്ങന്നൂര്‍ താലൂക്ക് പ്രചാരകനായി. 1972 ല്‍ തൃശൂര്‍ ജില്ലാ പ്രചാരകനായും പ്രവര്‍ത്തിച്ചു.അടിയന്തരാവസ്ഥക്കാലത്ത് ജില്ലാ പ്രചാരകനായിരുന്ന മുകുന്ദന്‍ അറസ്റ്റിലായി 21 മാസം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞു. 1991ല്‍ ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയായി. 2004 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. അവിവാഹിതനാണ്.
സഹോദരങ്ങള്‍ പരേതനായ കുഞ്ഞിരാമന്‍, പി.പി.ഗണേശന്‍, പി.പി.ചന്ദ്രന്‍.