തൃശൂര്‍: വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ കൊടി സുനിയുടെ നേതൃത്വത്തില്‍ തടവുകാര്‍ ജീവനക്കാരെ ആക്രമിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. തടവുകാരുടെ ഇരു സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് ജയില്‍ ജീവനക്കാര്‍ക്കുനേരെയും ആക്രമണമുണ്ടായത്. കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരം സ്വദേശികളായ കൊലക്കേസ് പ്രതികളുമായി സംഘര്‍ഷമുണ്ടായി. ഇതിന് പിന്നാലെ ഇവരെ ജയില്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ട് മറ്റൊരു ബ്ലോക്കിലേക്ക് മാറ്റി. തുടര്‍ന്ന് കൊടി സുനിയും സംഘവും പ്രതികളെ മാറ്റിയ ബ്ലോക്കിലെത്തി ഇവരെ ആക്രമിക്കുകയായിരുന്നു. കൊലക്കേസ് പ്രതികളിലൊരാള്‍ സ്വയം പരിക്കേല്‍പ്പിച്ചതായും വിവരമുണ്ട്. സംഘര്‍ഷത്തില്‍ നിന്ന് ഇവരെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്. കമ്പിയടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ജയില്‍ ഓഫീസിലെ ഫര്‍ണിച്ചറുകളും നശിപ്പിച്ചു. മൂവരെയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല.