തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വലതുകാല്‍പ്പാദം മുറിച്ചു മാറ്റി. പ്രമേഹവും അണുബാധയും കലശലായതിനെത്തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ കാല്‍പ്പാദം മുറിച്ച് നീക്കിയത്. വലതു കാലിന്റെ അടിഭാഗത്തുണ്ടായ മുറിവ് രണ്ട് മാസം ചികിത്സിച്ചിട്ടും പ്രമേഹം മൂലം കരിഞ്ഞില്ല. ഇതോടെയാണ് കൊച്ചിയിലെ ആശുപത്രിയിലെത്തിയത്. പഴുപ്പ് മുകളിലേയ്ക്ക് കയറിയതിനാല്‍ രണ്ട് വിരലുകള്‍ മുറിച്ചുകളയണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. മൂന്ന് വിരലുകള്‍ മുറിച്ചിട്ടും അണുബാധയ്ക്ക് കുറവുണ്ടാകാതായതോടെയാണ് പാദം മുറിച്ചു മാറ്റിയത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം രണ്ട് മാസത്തിനകം കൃത്രിമ പാദം വയ്ക്കാനുള്ള തീരുമാനത്തിലാണ് കാനം.സംസ്ഥാനസെക്രട്ടറി സ്ഥാനത്ത് നിന്ന് മൂന്ന് മാസം അവധിയെടുത്ത് ചികിത്സ തുടരാനാണ് കാനം രാജേന്ദ്രന്റെ തീരുമാനം. അദ്ദേഹം തല്‍ക്കാലം പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയില്ലെന്നാണ് സൂചന.