ദേശമംഗലം രാമകൃഷ്ണന് പി. കേശവദേവ് പുരസ്‌കാരം
തിരുവനന്തപുരം: ഈ വര്‍ഷത്തെ പി. കേശവദേവ് സാഹിത്യ പുരസ്‌കാരം കവിയും സര്‍വകലാശാല അദ്ധ്യാപകനുമായ ഡോ. ദേശമംഗലം രാമകൃഷ്ണന്.അഷ്ടാവക്രന്റെ വീണ്ടുവിചാരങ്ങള്‍, ചിതല്‍ വരും കാലം, ഇന്ത്യാ ഗേറ്റ്, ഇവിടെ ഒരു വാക്കും സാന്ത്വനം ആവില്ല, എന്നെ കണ്ടുമുട്ടാനെനിക്കാവുമോ എന്നിവയാണ് ദേശമംഗലത്തിന്റെ പ്രധാന കൃതികള്‍. അമ്പതിനായിരം രൂപയും ആര്‍ട്ടിസ്റ്റ് ബി.ഡി ദത്തന്‍ രൂപകല്‍പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പി കേശവദേവ് സാഹിത്യ പുരസ്‌കാരം.
മികച്ച ആരോഗ്യ വിദ്യാഭ്യാസത്തില്‍ സ്തുത്യര്‍ഹമായ പങ്കുവഹിക്കുന്നവര്‍ക്ക് നല്‍കുന്ന പി. കേശവദേവ് ഡയബസ്‌ക്രീന്‍ പുരസ്‌കാരം കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകപ്രശസ്ത കരള്‍രോഗ വിദഗ്ദ്ധന്‍ ഡോ. സിറിയക് എബി ഫിലിപ്സിന് നല്‍കും. 'ദി ലിവര്‍ ഡോക്' എന്ന പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ ആരോഗ്യവിദ്യാഭ്യാസം നല്‍കി ശ്രദ്ധേയനായ ഡോക്ടറുമാണ് ഡോ. സിറിയക്. ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത ചികിത്സ സ്വീകരിക്കുന്നതിലൂടെയും മദ്യപാനത്തിലൂടെയും ഉണ്ടാകുന്ന ഗുരുതര കരള്‍രോഗങ്ങളെപ്പറ്റി സാമൂഹികമാദ്ധ്യമങ്ങളിലൂടെ നടത്തിയ ബോധവല്ക്കരണമാണ് പുരസ്‌കാരത്തിനര്‍ഹമാക്കിയത്. ജൂണ്‍ ഏഴിന് വൈകിട്ട് 4:30ന് തിരുവനന്തപുരം മുടവന്മുകളിലെ കേശവദേവ് ഹാളില്‍ നടക്കുന്ന പി. കേശവദേവ് അനുസ്മരണ സമ്മേളനത്തില്‍ സംസ്ഥാന വിദ്യാഭ്യാസ-തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.